എ.ഐ ഡാൻസ് വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി, പക്ഷെ നിയമപ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ എ.ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിലാണ് താൻ വീഡിയോയിൽ നൃത്തം ചെയ്യുന്നതെന്നും, നൃത്തം ഗംഭീരമായിരുന്നു എന്ന് ഒരു അഞ്ചുവയസ്സുകാരൻ കുട്ടി തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്തെ പവർക്കട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെ, കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി ഡാൻസ് കളിക്കുന്ന രീതിയിലാണ് എ.ഐ വീഡിയോ നിർമ്മിക്കപ്പെട്ടത്. വൻതോതിൽ വൈറലായ ഈ വീഡിയോ ഇന്ത്യയിലെ നിലവിലെ ഐ.ടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മെറ്റ ഇന്ത്യയിൽ ലഭ്യമാകാത്ത വിധം നീക്കം ചെയ്തത്. തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലെ സുഹൃത്ത് അഖിലും ചേർന്നാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ വീഡിയോ തയ്യാറാക്കിയത്.

അതേസമയം, വീഡിയോ നിർമ്മിച്ചത് ആരെയും വിമർശിക്കാനല്ലെന്നും കേവലം വിനോദം മാത്രമായിരുന്നു ലക്ഷ്യമെന്നും നിർമാതാക്കളിലൊരാളായ അഭിജിത്ത് വ്യക്തമാക്കി. ഇന്ത്യക്ക് പുറത്തുള്ളവർക്ക് വീഡിയോ ഇപ്പോഴും കാണാൻ സാധിക്കും. ഇന്ത്യയിലും വീഡിയോ ലഭ്യമാക്കുന്നതിനായി ക്ലെയിം നൽകിയിട്ടുണ്ടെന്നും ആരുടെയും നിർദേശപ്രകാരമല്ല മെറ്റയുടെ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് കരുതുന്നതെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.

Tags:    
News Summary - AI Dance Video Brought Personal Joy Despite Legal Issues: V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.