പണം വാങ്ങി കാറ്ററിങ് ടീം മുങ്ങി; കല്യാണച്ചടങ്ങിൽ പെരുവഴിയിലായത് 400 ഓളം അതിഥികൾ

കോട്ടയം: പണം കല്യാണദിവസം കാറ്ററിങ് സംഘം മുങ്ങിയതോടെ വധൂവരന്മാരും ബന്ധുക്കളും പെരുവഴിയിലായി. കോട്ടയം മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമാണ് കഴിഞ്ഞ ദിവസം സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഉദയം കാറ്ററിങ്' ഉടമ വിഷ്ണുവിനെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

കോട്ടയം ചോറ്റി അമ്പലത്തിൽ വെച്ചായിരുന്നു പ്രധാന സംഭവം. പനക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിന് 400 ആളുകൾക്കുള്ള വിഭവസമൃദ്ധമായ സദ്യയ്ക്കായി 1,40,000 രൂപയാണ് കേറ്ററിംഗ് ഏജൻസിക്ക് മുൻകൂറായി നൽകിയിരുന്നത്. എന്നാൽ രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് ഓഡിറ്റോറിയത്തിലെത്തിയ ബന്ധുക്കളും അതിഥികളും മണിക്കൂറുകളോളം വിശന്നു കാത്തിരുന്നിട്ടും ഭക്ഷണം മാത്രം എത്തിയില്ല.

സമയമേറെ വൈകിയിട്ടും കേറ്റററെ കാണാതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കാതാവുകയും ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ഒടുവിൽ കല്യാണത്തിന് എത്തിയ അതിഥികളുടെ മുന്നിൽ നാണംകെടാതിരിക്കാൻ അടിയന്തരമായി സമീപത്തെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് വധൂവരന്മാരുടെ വീട്ടുകാർ ആ നിമിഷം രക്ഷപ്പെട്ടത്.

സമാനമായ രീതിയിൽ കഞ്ഞിക്കുഴിയിലെ മറ്റൊരു വിവാഹത്തിനും പണം വാങ്ങി ഇയാൾ കാറ്ററിങ് സേവനം നൽകിയിരുന്നില്ല. സംഭവത്തിൽ ഇരയായവരുടെ പരാതിയിൽ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്.

Tags:    
News Summary - Catering Team Escapes After Taking Advance, 400 Guests Stranded at Kottayam Weddings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.