ടി.ജെ. ഐസക്, എൻ.ഡി. അപ്പച്ചൻ

ടി.ജെ. ഐസക് വയനാട് ഡി.സി.സി പ്രസിഡന്റ്‌; എൻ.ഡി. അപ്പച്ചന് എ.ഐ.സി.സി അംഗമായി നിയമനം

കൽപറ്റ: എൻ.ഡി അപ്പച്ചൻ രാജിവെച്ച ഒഴിവിൽ അഡ്വ. ടി.ജെ ഐസക്കിനെ വയനാട് ഡി.സി.സി പ്രസിഡന്റായി നിയമിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കല്പറ്റ നഗരസഭ ചെയർമാനായ ഐസക് കെ.പി.സി.സി സെക്രട്ടറി ആണ്. അപ്പൻ രാജിവെച്ച് ഒഴിഞ്ഞതിനു പിന്നാലെ ഐസകിന് താൽക്കാലിക ചുമതല നൽകിയിരുന്നു. എൻ.ഡി. അപ്പച്ചനെ എ.ഐ.സി.സി അംഗമായും നിയമിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് എൻ.ഡി. അപ്പച്ചൻ വയനാട് ഡി.സി.സി അധ്യക്ഷ പദവി രാജിവെച്ചത്. പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെയും ഡി.സി.സി മുൻ ജില്ലാ ട്രഷറർ എൻ.എം. വിജയ​ന്റെയും ആത്മഹത്യ സംബന്ധിച്ച പ്രശ്നങ്ങളും കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയും വിവാദമായതിന് പിന്നാലെയാണ് രാജിവെച്ചത്. ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്‍റെ കുടുംബം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പിയെ സന്ദർശിച്ചിരുന്നു. ജോസിന്‍റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പടിഞ്ഞാറത്തറയിലെ ഹോട്ടലില്‍ എത്തി പ്രിയങ്കയെ കണ്ടത്. ഇതിന് പിന്നാലെയാണ് ഡി.സി.സി അധ്യക്ഷൻ രാജിവെച്ചത്.

കഴിഞ്ഞ ഡിസംബർ 24നാണ് നേതാക്കളുടെ പേരുകളടക്കം എഴുതിവെച്ച് ഡി.സി.സി ട്രഷറർ എൻ.എം വിജയനും ഇളയമകൻ ജിജേഷും ജീവനൊടുക്കിയത്. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കൾ തന്നെ ഇടനിലക്കാരനാക്കി സഹകരണബാങ്ക് നിയമനത്തിന് ലക്ഷങ്ങൾ വാങ്ങിയെന്നും നിയമനം നൽകാൻ കഴിയതിരുന്നതിനാൽ താൻ കടക്കാരനായി എന്നുമായിരുന്നു വിജയന്റെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നത്.

സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എം.എല്‍.എയെ ഒന്നാംപ്രതിയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസിനെ ഏറെ ഉലച്ച ഈ സംഭവത്തെുടർന്ന്​ കെ.പി.സി.സി അന്വേഷണ സിമിതി വിജയന്റെ വീട് സന്ദർശിച്ചിരുന്നു. കടബാധ്യതയെല്ലാം പാർട്ടി തീർക്കു​മെന്ന് ഉറപ്പും നൽകി. എന്നാൽ, വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് വിജയന്റെ കുടുംബം ആ​രോപിച്ചിരുന്നു. തുടർന്ന് ​ഇന്നലെയാണ് വിജയന്റെ ബാങ്ക് ബാധ്യത കെ.പി.സി.സി അടച്ച് തലയൂരിയത്.

മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടവും കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലയിലെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിലെ ഗ്രൂപ്പ് പോരിനെതുടർന്നാണ് ജോസ് ആത്മഹത്യ ചെയ്തത്. പുൽപള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളാണ് ജോസ്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ജില്ലയിൽ കോൺഗ്രസിൽ നേതൃമാറ്റമടക്കം വേണമെന്ന് പ്രവർത്തകരിൽ നിന്നടക്കം ശക്തമായ ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ പത്തുദിവസങ്ങളിലായി രാഹുൽഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം വയനാട്ടിൽ ഉണ്ടായിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ സംസ്ഥാന​നേതാക്കളുമായി യോഗം ചേർന്ന് ഇവർ ചർച്ച ചെയ്തിരുന്നു. ഇതി​നെ തുടർന്നാണ് എൻ.ഡി.അപ്പച്ചൻ രാജി​വെച്ചത്.

അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ തന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേയെന്നും അവർ ഏറ്റെടുത്ത് നടത്തട്ടെ എന്നുമാണ് അപ്പച്ചൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാകാൻ സന്നദ്ധനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് പാർട്ടിയെ വയനാട്ടിൽ വളർത്തിയെടുത്തതെന്ന് മാധ്യമങ്ങൾക്കറിയാം. ആ അത്മവിശ്വാസം നേതൃത്വത്തിന് ഉണ്ടാവട്ടെ എന്നും ദൈവം അവരെ പ്രേരിപ്പിക്കട്ടെ എന്നും അപ്പച്ചൻ വ്യക്തമാക്കി.

'എന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേ, അവർ ഏറ്റെടുത്ത് നടത്തട്ടെ?. കാലാകാലം ഈ കസേരയിൽ തന്നെ ഞാൻ ഇരിക്കണോ?. കേരളത്തിലെ ഏറ്റവും സീനിയറായ ഡി.സി.സി. അധ്യക്ഷൻ താനാണ്. 16 വർഷവും രണ്ട് മാസവും പൂർത്തിയാക്കി. 12 വർഷം തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു. ആരും കെട്ടിയിറക്കിയതല്ല. ഇത്തവണ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ആലോചിച്ചാണ് എന്നെ അധ്യക്ഷനാക്കിയത്- എൻ.ഡി. അപ്പച്ചൻ പറഞ്ഞു.

Tags:    
News Summary - TJ Isaac appointed Wayanad DCC President, ND Appachan AICC Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.