മൾട്ടിപ്ലക്സുകളിലെ അനിയന്ത്രിത നിരക്കു വർധന; സംസ്ഥാന സർക്കാറിന് ഹൈകോടതി നോട്ടീസ്

കൊച്ചി: സംസ്ഥാനത്ത്‌ സിനിമാ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ച് ഹൈകോടതി. സിനിമ തിയറ്ററുകളില്‍ പ്രത്യേകിച്ച് മൾട്ടിപ്ലക്സുകളിൽ തോന്നിയ നിരക്കിലാണ് ടിക്കറ്റ് വില ഉയർത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന് നിയന്ത്രണം കൊണ്ടുവരാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ് സ്വദേശിയായ മനു നായർ.ജി ആണ് ഹൈകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ബസന്ത് ബാലാജി എന്നിവരുടെ ബെ‍ഞ്ചാണ് സർക്കാരിന് നോട്ടീസ് അയച്ചത്. നോട്ടീസിൽ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. കേസ് ജൂലൈ ഒന്നിന് പരിഗണിക്കും.

മൾട്ടിപ്ലക്സുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനു മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു. ഇക്കാര്യം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വർധിപ്പിക്കുകയാണ്. 1958ലെ കേരള സിനിമാസ് (നിയന്ത്രണ) നിയമത്തിന്റെ അടിസ്ഥാനത്തിൽ അധികൃതരുടെ മേൽനോട്ടമോ പൊതുവായ അനുമതിയോ ഇല്ലാതെയാണ് തിയറ്ററുകൾ നിരക്ക് വർധിപ്പിക്കുന്നത് എന്നും ഹരജിയില്‍‍ പറയുന്നു. രാജ്യത്തെ പ്രമുഖ തിയറ്റർ ശൃംഖലകളായ പി.വി.ആർ, സിനിപോളിസ്, കാർണിവൽ സിനിമ, ഐനോക്സ് തുടങ്ങിയവയെ എതിർ കക്ഷികളാക്കി കൊണ്ടുള്ളതാണ് ഹരജി.

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നത് തടയാൻ സംവിധാനങ്ങളുണ്ട്. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. സിനിമ ജനങ്ങൾക്കുള്ള സാംസ്കാരിക പ്രവൃത്തിയായി സർക്കാരുകൾ കണക്കാക്കുന്നതു കൊണ്ടാണ് ഇത്. എന്നാൽ കേരളത്തിൽ ഇത് സംഭവിക്കുന്നില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ സംവിധാനം ഒരുക്കണമെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - ticket price hike in theatres in kerala; highcourt notice to government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.