തൃശൂർ പൂരം കൊടിയേറ്റം നാലിന്

തൃശൂർ: കോവിഡ് മഹാമാരിയുടെ അടച്ചിടലിൽ രണ്ടു വർഷത്തിന്റെ ഇടവേളക്ക് ശേഷം ആഘോഷിക്കുന്ന തൃശൂർ പൂരത്തിന് മേയ് നാലിന് കൊടിയേറും. 10നാണ് പൂരം. എട്ടിന് സാമ്പിൾ വെടിക്കെട്ട്. പ്രധാന പങ്കാളി ക്ഷേത്രമായ പാറമേക്കാവിലാണ് ആദ്യം കൊടിയേറുക.

രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് കൊടിയേറ്റം. വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തും. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കവുങ്ങിൻ കൊടി മരത്തിൽ ആല്, മാവ് എന്നിവയുടെ ഇലകളും, ദർഭപ്പുല്ല് എന്നിവ കൊണ്ടും അലങ്കരിക്കും. ക്ഷേത്രത്തിൽനിന്ന് നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയർത്തുക. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും.തുടർന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഭഗവതിക്ക് വടക്കുംനാഥക്ഷേത്ര കൊക്കർണിയിൽ തന്ത്രിയുടെ കാർമികത്വത്തിൽ ആറാട്ടും നടക്കും.

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30നും 10.55നും ഇടയിലാണ് കൊടിയേറ്റ്. ഉച്ചക്ക് മൂന്നിനാണ് ക്ഷേത്രത്തിൽ നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. ഉച്ചക്ക് 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാക ഉയരും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവിൽ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് ഭഗവതി അഞ്ചോടെ തിരിച്ചെഴുന്നള്ളും.കൊടിയേറ്റത്തിന്റെ തലേദിവസം കൊടിയേറ്റത്തിനുള്ള അടക്കാമരം പാട്ടുരായ്ക്കൽ ജങ്ഷനിൽ നിന്ന് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് കൊണ്ട് വരും.

പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങൾക്കൊപ്പം പൂരത്തിൽ പങ്കാളികളാവുന്ന എട്ട് ഘടക ക്ഷേത്രങ്ങളിലും അന്ന് തന്നെ കൊടിയേറും. തിരുവമ്പാടി വിഭാഗം സ്വരാജ് റൗണ്ടിലെ നടുവിലാലിലും നായ്ക്കനാലിലും നിർമിക്കുന്ന പന്തലുകളുടെ കാൽനാട്ടുകർമം വ്യാഴാഴ്ച രാവിലെ യഥാക്രമം എട്ടിനും ഒമ്പതിനും നടക്കും.

നാട്ടാന നിരീക്ഷണ സമിതി യോഗം ഇന്ന്

തൃശൂർ: തൃശൂർ പൂരം ആനയെഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ളവ പരിഗണിക്കാൻ ജില്ല നാട്ടാന നിരീക്ഷണ സമിതി വ്യാഴാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും. വിവാദങ്ങളും സാങ്കേതിക തടസ്സങ്ങളും ഇല്ലെങ്കിലും എഴുന്നള്ളിപ്പിന് കൂടുതൽ നിർദേശങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ദേവസ്വങ്ങൾ തയാറാക്കിയ ആനകളുടെ പട്ടിക അംഗീകാരത്തിന് അവതരിപ്പിക്കും. പാറമേക്കാവിന്‍റെ പുറപ്പാട് ഉച്ച നേരത്തായതിനാൽ ഒരു മണിക്കൂറോളം ക്ഷേത്ര നടയിൽ കുടമാറ്റം അടക്കമായി ചെലവിടുന്നുണ്ട്. ഇവിടെ പന്തൽ നിർമിക്കണമെന്ന് നേരത്തേ നിർദേശം ഉണ്ടായിരുന്നുവെങ്കിലും നിർമിക്കാറില്ല. ഇത്തവണയും ഈ നിർദേശം സമിതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

അസ്തമയം കഴിഞ്ഞിട്ടും കുടമാറ്റം നടത്തുകയും എൽ.ഇ.ഡി ഘടിപ്പിച്ച് കുടകളും കൗതുക വസ്തുക്കളും ആനപ്പുറത്ത് കയറ്റുന്നത് ഒഴിവാക്കുന്നതും പൂരം നടക്കുന്ന വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ആനകൾക്കായി വിവിധയിടങ്ങളിൽ വെള്ളം സൗകര്യം ഒരുക്കുന്നതും അടക്കമുള്ള നിർദേശങ്ങൾ യോഗത്തിന്‍റെ പരിഗണനക്കുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പൂര വിളംബരത്തിനായി തെക്കേ ഗോപുര വാതിൽ തുറക്കാനെത്തുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ചാണ് തർക്കമുയരാറുള്ളത്.

കഴിഞ്ഞ വർഷം മുതൽ കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ എറണാകുളം ശിവകുമാറിനെ ആണ് ഈ ചടങ്ങിന് നിയോഗിക്കുന്നത്. ഇതോടെ ഇതും അവസാനിച്ചു. എഴുന്നള്ളിപ്പിൽ പങ്കെടുക്കാനുള്ള 85 ആനകളുടെ പട്ടികയാണ് ദേവസ്വങ്ങൾ തയാറാക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനക്ക് ശേഷമാകും ഇവയിൽ എത്രയെണ്ണത്തിനെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാനാവും എന്നതിൽ തീരുമാനമാകുക.

ആനകളുടെ സാധ്യതാ പട്ടികയായി

തൃശൂർ: പൂരം എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാനുള്ള ആനകളുടെ സാധ്യത പട്ടികയായി. ഇരു ദേവസ്വങ്ങൾക്കുമായി 85 ആനകളുടെ പട്ടികയാണ് തയാറാക്കിയത്. പാറമേക്കാവ് വിഭാഗം 45 ആനകളെയും തിരുവമ്പാടി 39 ആനകളുടെയും പട്ടിക പുറത്തുവിട്ടു. പൂര വിളംബരം നടത്തുന്ന നെയ്തലക്കാവിന് എഴുന്നള്ളിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാർ പാറമേക്കാവിനും എഴുന്നള്ളും. തിടമ്പാനയിലാണ് എറണാകുളം ശിവകുമാർ. തെച്ചിക്കോട്ടുകാവ് ദേവീദാസനും കൂടൽമാണിക്യം മേഘാർജുനനും പാറമേക്കാവിനുണ്ട്. സ്വന്തം ആനയായ ചന്ദ്രശേഖരൻ ആണ് തിരുവമ്പാടിയുടെ തിടമ്പാന. പാറന്നൂർ നന്ദനും ഗുരുവായൂർ സിദ്ധാർഥനും കുട്ടൻകുളങ്ങര അർജുനനും തിരുവമ്പാടി പട്ടികയിലുണ്ട്.

പാറമേക്കാവ് വിഭാഗം

1. പാറമേക്കാവ് ദേവസ്വം ദേവീദാസൻ 2. പാറമേക്കാവ് ദേവസ്വം കാശിനാഥൻ 3. ഗുരുവായൂർ ദേവസ്വം നന്ദൻ 4. കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവകുമാർ 5. ഭാരത് വിനോദ് 6. പല്ലാട്ട് ബ്രഹ്മദത്തൻ 7. വൈലാശ്ശേരി അർജുനൻ 8. മാവേലിക്കര ഗണപതി 9. ചൈത്രം അച്ചു 10. തെച്ചിക്കോട്ടുകാവ് ദേവീദാസൻ 11. മുള്ളത്ത് ഗണപതി 12. മച്ചാട് ഗോപാലൻ 13. മച്ചാട് ധർമൻ 14. മൗട്ടത്ത് രാജേന്ദ്രൻ 15. ചെർപ്പുളശ്ശേരി ശേഖരൻ 16. ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻ 17. പട്ടാമ്പി മണികണ്ഠൻ 18. വെമ്പനാട് വാസുദേവൻ 19. മരുതൂർകുളങ്ങര മഹാദേവൻ 20. ബാസ്റ്റിൻ വിനയസുന്ദർ 21. തൊട്ടേകാട്ട് വിനായകൻ 22. മനുസ്വാമി മഠം നാരായണൻ 23. മനുസ്വാമി മഠം വിനായകൻ 24. ഒല്ലൂക്കര ജയറാം 25. കൊളക്കാടൻ കുട്ടികൃഷ്ണൻ 26. കൊളക്കാടൻ ഗണപതി 27. അമ്പാടി മഹാദേവൻ 28. അമ്പാടി മാധവൻകുട്ടി 29. അയാടി ബാലനാരായണൻ 30. ചിറക്കൽ ഗണേശൻ 31. മംഗലാംകുന്ന് മുകുന്ദൻ 32. കാളകുത്തൻ കണ്ണൻ 33. ബ്രാഹ്മിണി ഗോവിന്ദൻകുട്ടി 34. നടക്കൽ ഉണ്ണികൃഷ്ണൻ 35. പുതുപ്പള്ളി അർജുനൻ 36. പുതുപ്പുള്ളി ഗണേശൻ 37. ബാലുശ്ശേരി ഗജേന്ദ്രൻ 38. കൂടൽമാണിക്യം മേഘാർജ്ജുനൻ 39. മനിശ്ശേരി രാജേന്ദ്രൻ 40. മീനാട് കേശു 41. കൂറ്റനാട് വിഷ്ണു 42. പുത്തൂര് ബാലകൃഷ്ണൻ 43. പുത്തൂര് ദേവീസുതൻ 44. ചെത്തല്ലൂര് ദേവീദാസൻ 45. ചെമ്മണ്ണൂർ സൂര്യനാരായണൻ.

തിരുവമ്പാടി വിഭാഗം

1. തിരുവമ്പാടി ചന്ദ്രശേഖരൻ 2. കുട്ടൻകുളങ്ങര അർജുനൻ 3. പുതുപ്പള്ളി സാധു 4. പാമ്പാടി സുന്ദരൻ 5. ഗുരുവായൂർ സിദ്ധാർഥൻ 6. പാറന്നൂർ നന്ദൻ 7. മാനാടി കണ്ണൻ 8. വരടിയം ജയറാം 9. അക്കിക്കാവ് കാർത്തികേയൻ 10. ശങ്കരംകുളങ്ങര ഉദയൻ 11. ചിറ്റിലപ്പിള്ളി ശബരിനാഥ് 12. തടത്താവിള രാജശേഖരൻ 13. തോട്ടേക്കാട്ട് രാജശേഖരൻ 14. പരിമണം വിഷ്ണു 15. ആനയടി അപ്പു 16. മച്ചാട് കർണൻ 17. കുന്നുമേൽ പരശുരാമൻ 18. നന്തിലത്ത് ഗോപീകൃഷ്ണൻ 19. ഒലയംപാടി മണികണ്ഠൻ 20. ഒലയംപടി ഭദ്രൻ 21. വാഴ് വാടി ശ്രീകണ്ഠൻ 22. വാഴ് വാടി കാശിനാഥൻ 23. ചിറക്കര ദേവനാരായണൻ 24. ചിറക്കര മണികണ്ഠൻ 25. തിരുവാഴപ്പിള്ളി മഹാദേവൻ 26. പാലക്കാത്തറ അഭിമന്യു 27. ശങ്കരംകുളങ്ങര ദേവസ്വം മണികണ്ഠൻ 28. ചെമ്മണൂർ സൂര്യനാരായണൻ 29. കിഴൂട്ട് ശ്രീകണ്ഠൻ 30. കുന്നംകുളം ഗണേശൻ 31. വെൺമണി നീലകണ്ഠൻ 32. ഊട്ടോളി രാമൻ 33. കുറുപ്പത്ത് ശിവശങ്കരൻ 34. അയിനികുളങ്ങര മഹാദേവൻ 35. വെട്ടത്ത് ഗോപീകണ്ണൻ 36. കടക്കച്ചാൽ ഗണേശൻ 37. വേമ്പനാട്ട് അർജ്ജുനൻ 38. വെമ്പനാട്ട് വാസുദേവൻ 39. വലിയപുരയ്ക്കൽ സൂര്യൻ.

Tags:    
News Summary - Thrissur Pooram flag hoisting on 4th May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.