തൃക്കാക്കരയിലെ മത്സരം പാണ്ഡവപ്പടയും കൗരവപ്പടയും തമ്മിൽ -കെ. സുരേന്ദ്രൻ

കൊച്ചി: തൃക്കാക്കരയിൽ എൻഡിഎയുടെ പാണ്ഡവപടയും ഇടതുപക്ഷവും യുഡിഎഫും അടങ്ങിയ കൗരവപടയും തമ്മിലാണ് മത്സരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇടതുപക്ഷത്തിന് ഒരു സീറ്റ് കൂടിയായാൽ സെഞ്ചുറി അടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൗരവൻമാർ 100 പേരുണ്ടായിരുന്നു. എന്നാൽ പാണ്ഡവപടയാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തൃക്കാക്കരയിലെ വികസനരേഖ പ്രകാശനത്തിൽ അദ്ധ്യക്ഷപ്രസം​ഗം നടത്തുകയായിരുന്നു സുരേന്ദ്രൻ.

രാജ്യത്ത് കോൺ​ഗ്രസ് ഓരോ ദിവസവും തകർന്നടിയുകയാണ്. കപിൽ സിബൽ പോലും കോൺ​ഗ്രസ് കൂടാരം വിട്ടുകഴിഞ്ഞു. കേരളത്തിലും ഇനി അവർക്ക് ഒന്നും ചെയ്യാനില്ല. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എൻഡിഎയെ അവ​ഗണിച്ചവർ ഇപ്പോൾ എൻഡിഎ മുന്നോട്ട് വെച്ച വിഷയം ചർച്ച ചെയ്യുകയാണ്. തൃക്കാക്കരയുടെ സമ​ഗ്രമായ വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രധാനപ്പെട്ട വാ​ഗ്ദാനം. അതിന് നരേന്ദ്രമോദിയുടെ മാതൃക തന്നെ വേണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ ചീഫ് സെക്രട്ടറി ​ഗുജറാത്തിൽ പോയി മോദി മോഡൽ പഠിച്ച് കേരളത്തിൽ അവതരിപ്പിച്ചത് എൻഡിഎക്ക് തൃക്കാക്കരയിൽ ​ഗുണം ചെയ്യും. കേരള മോഡലിന്റെ പൊള്ളത്തരവും ​ഗുജ്റാത്ത് മോഡലിന്റെ മികവും തൃക്കാക്കരയിൽ ചർച്ചയായി. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കടംവാങ്ങേണ്ട ​ഗതികേടുള്ള സംസ്ഥാന സർക്കാർ തൃക്കാക്കരയ്ക്ക് വേണ്ടി എന്തു ചെയ്യാനാണ്. കൊച്ചി ന​ഗരത്തിൽ നടന്ന എല്ലാ വികസനവും കേന്ദ്രസർക്കാർ നൽകിയതാണ്. മെട്രോയും സ്മാർട്ട് സിറ്റിയും അമൃത് പദ്ധതിയും കേന്ദ്രസർക്കാരിന്റേതാണ്. ബി.പി.സി.എൽ നവീകരണത്തിന് 6,750 കോടി രൂപയാണ് മോദി സർക്കാർ കൊടുത്തത്. എഫ്.എ.സി.ടി അടച്ചുപൂട്ടാതെ പോയത് കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിന്റെ സഹായം കൊണ്ടാണ്. കൊച്ചി ന​ഗരത്തിന് രണ്ട് മുഖങ്ങളുണ്ട്. ഒരു വികസനവുമെത്താത്ത കോളനികളാണ് അതിലൊന്ന്. വെള്ളക്കെട്ടും മാലിന്യവും ​ഗതാ​ഗതകുരുക്കും പരിഹരിക്കാനാവാത്ത കൊച്ചിയാണ് മറ്റൊന്ന്. അടിസ്ഥാന വികസനം തൃക്കാക്കരയ്ക്കും കൊച്ചിക്കും എത്തിക്കാൻ എ.എൻ രാധാകൃഷ്ണൻ വിജയിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്രമോദി എന്നാൽ വെറും പേരല്ല വികസനത്തിന്റെ വിശ്വാസത്തിന്റെ പര്യായമാണെന്ന് വികസനരേഖ പ്രകാശനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ പറഞ്ഞു. തൃക്കാക്കരയിൽ എൻ.ഡി.എയെ വിജയപ്പിച്ചാൽ കേരളത്തിന് മോദിയുടെ വികസനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് എ ടു സെഡ് അഴിമതിയായിരുന്നുവെങ്കിൽ ഇപ്പോൾ വികസനം മാത്രമേയുള്ളൂ. തൃക്കാക്കരയിലൂടെ കേരളത്തിലും മാറ്റങ്ങളുണ്ടാവുമെന്നും അരവിന്ദ് മേനോൻ പറഞ്ഞു.

പതിറ്റാണ്ടുകളായി കൊച്ചിയിലെ വിവിധ മേഖലകളിലായി ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്ന കടവന്ത്ര സ്വദേശിനി തങ്കമണിക്ക് നൽകിയാണ് എൻ.ഡി.എ വികസന രേഖ പ്രകാശിപ്പിച്ചത്. ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹകസമിതി അം​ഗം പികെ കൃഷ്ണദാസ്, തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ, ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടി, എൽജെപി സംസ്ഥാന അധ്യക്ഷൻ എം. മെഹബൂബ്, നാഷണലിസ്റ്റ് കേരള കോൺ​ഗ്രസ് ചെയർമാൻ കുരുവിള മാത്യു, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ ജനറൽസെക്രട്ടറി കെഎസ് ഷൈജു, വൈസ് പ്രസിഡന്റ് എസ്.ഷൈജു എന്നിവർ സംസാരിച്ചു.

Tags:    
News Summary - Thrikkakara fight between Pandavas and the Kauravas - K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.