തൃക്കാക്കര പരാജയവും കെ-റെയിലും; സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിൽ

തൃക്കാക്കര: തൃക്കക്കാര ഉപതെരഞ്ഞെടുപ്പിലെ ​പരാജയത്തിനുപിന്നാലെ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടിൽ. ​പരാജയത്തിലേക്ക് നയിച്ചത്, സർക്കാറിന്റെ ​വിലയിരുത്തലോ, കെ-റെയിലിനെതിരായ വിധിയെഴുത്തോ അല്ലെന്നാണ് സി.പി.എം നേതാക്കൾ ഒറ്റക്കെട്ടായി പറയുന്നത്. എന്നാൽ, സർക്കാർ നയങ്ങളും കെ-റെയിലും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാവാമെന്നാണ് സി.പി.​ഐ നേതാക്കളുടെ നിലപാട്. ഒരിക്കലും തൃക്കാക്കര തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലല്ലെന്ന് സി.പി.എം പി.ബി അംഗം വൃന്ദാകാരാട്ട് പറഞ്ഞു. സി.പി.ഐയുടെ അഭിപ്രായം പരിശോധിക്കുമെന്നും സി.പി.എമ്മിന്റെ വിലയിരുത്തൽ പാർട്ടി സെക്രട്ടറി പറഞ്ഞു കഴിഞ്ഞതായും മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയും മുന്നണി വേണ്ട വിലയിരുത്തൽ നടത്തിയശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും തോമസ് ഐസക് കൂട്ടിചേർത്തു.

തൃക്കാക്കര സർക്കാർ വിലയിരുത്തലല്ലെന്നും സിൽവർലൈൻ പരിസ്ഥിതി ആഘാത മേൽപ്പിക്കാത്ത പദ്ധതിയാണെന്നും മുൻ പി.ബി. അംഗം എസ്.ആർ.പി പറഞ്ഞു. തൃക്കാക്കരയിലെ പരാജയ​ത്തെ കുറിച്ച് ​മുഖ്യമ​ന്ത്രി പ്രതികരിക്കേണ്ടതില്ല. ആരെങ്കിലും കരുതുന്ന സമയത്ത് പ്രതികരിക്കേണ്ടയാളല്ല മുഖ്യമന്ത്രി. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. തൃക്കാക്കര തോൽവിയിൽ നിന്നും പാഠം പഠിക്കേണ്ടതുണ്ടെങ്കിൽ പഠിക്കും. വിശദമായ പരിശോധന പാർട്ടിയും മുന്നണിയും നടത്തുമെന്നും എസ്ആർ.പി പറഞ്ഞു. അർധ അതിവേഗപാത ഭാവി കേരളത്തിനുവേണ്ടിയുള്ളതാണെന്ന് പി.ബി. അംഗം എം.എ ബേബി പറഞ്ഞു.

എന്നാൽ, കെ-റെയിൽ നടപ്പാക്കും മുൻപ് മൂന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പദ്ധതി നടപ്പാക്കാം, പക്ഷെ അത് ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ട് വേണം, സാമൂഹിക ആഘാത പഠനറിപ്പോർട്ടും പാരിസ്ഥിതി ആഘാത പഠനും പുറത്തുവിടണം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുളള ആശങ്ക ഒഴിവാക്കണം എന്നിവയാണ് പ്രധാനമായും സി.പി.ഐ മുന്നോട്ട് വെക്കുന്നത്. തൃക്കാക്കര ​ഉപതെരഞ്ഞെടുപ്പിൽ സർക്കാർ പ്രവർത്തനവും ജനങ്ങളെ വിലയിരുത്തിട്ടുണ്ടാവാമെന്നാണ് പ്രകാശ് ബാബുവിന്റെ നിലപാട്.

തൃക്കാക്കരയിലെ പരാജയത്തിനു പിന്നാലെ ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവി നൽകുന്നതെന്ന വിലയിരുത്തലുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാൻ. തൃക്കാക്കര ജനവിധി ഇടതുമുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യുമെന്നാണ് ബിനോയ് വി​​ശ്വം പറഞ്ഞത്.

Tags:    
News Summary - Thrikkakara defeat Differences between the CPM and the CPI are sharp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.