തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ ഭാഗമായി പൊലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി അടക്കം മൂന്നു പൊലീസുകാരെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി. അസോസിയേഷൻ നേതാവ് തിരുവനന്തപുരം നഗരൂർ സ്റ്റേഷനിലെ സി.പി.ഒ വൈ. അപ്പു, ഡ്രൈവർ സതീശ്, പാറശ്ശാല സ്റ്റേഷനിലെ സി.പി.ഒ ദീപു എന്നിവരെ റൂറൽ എസ്.പി ഡി. ശിൽപ എ.ആര് ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്.
മംഗലപുരത്തും പോത്തൻകോടും ജോലി ചെയ്തിരുന്നപ്പോൾ സ്പെഷൽ ബ്രാഞ്ച് അപ്പുവിനെതിരെ ഔദ്യോഗിക വാഹന ദുരുപയോഗം, ഗുണ്ട മാഫിയയുമായി ബന്ധം, മാർബിൾ കടകളിൽ നിന്നുൾപ്പെടെ പാരിതോഷികം സ്വീകരിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്ഥലത്തെ പ്രധാന ഗുണ്ടകളുമായും റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് മലയിൻകീഴിലേക്കും പിന്നീട് വീടിന് സമീപമുള്ള നഗരൂരിലേക്കും സ്ഥലംമാറ്റം വാങ്ങി. ഇതെല്ലാം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നാണ് ആക്ഷേപം. യൂനിഫോം ധരിക്കാതെയാണ് ഇദ്ദേഹം ഇക്കാലമെല്ലാം ജോലി ചെയ്തിരുന്നതെന്നും സേനാംഗങ്ങൾതന്നെ പറയുന്നു. ആരോപണങ്ങൾ ശക്തമാകുകയും പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലുൾപ്പെടെ ആക്ഷേപം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി. എന്നാൽ, പിരിച്ചുവിടണമെന്ന ആവശ്യം നിലനിൽക്കെ സ്ഥലംമാറ്റിയത് മറ്റ് നടപടികളിൽനിന്ന് രക്ഷിക്കാനാണെന്ന് സേനാംഗങ്ങൾ ആരോപിക്കുന്നു.
ഗുണ്ടാ മാഫിയ ബന്ധത്തെതുടര്‍ന്ന് പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ മംഗലപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രധാന കേസുകളുടെ ഫയൽ റൂറൽ എസ്.പി വിളിച്ചുവരുത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഹൈവേയിലെ പിടിച്ചുപറി കേസുകളും സാമ്പത്തിക, തൊഴിൽ തട്ടിപ്പ് തര്‍ക്ക കേസുകളുമാണ് വീണ്ടും പരിശോധിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുകളും തൊഴിൽ തട്ടിപ്പ് കേസുകളും എസ്.എച്ച്.ഒ സജീഷും ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.