അരൂർ: ദേശീയപാതയോരത്ത് നിർത്തിയിട്ട സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾക്ക് മരിച്ചു. അരൂർ പഞ്ചായത്ത് 11ാം വാർഡിൽ വടവശ്ശേരി വീട്ടിൽ തങ്കച്ചന്റെ മകൻ വിജോയ് (21), അരൂർ 21ാം വാർഡിൽ കളപ്പുരക്കൽ വെളിയിൽ ബിനുവിന്റെ മകൻ അഭിജിത് (23), അരൂർ കപ്പലുങ്കൽ വീട്ടിൽ ഗിരീഷിന്റെ മകൻ ആൽവിൻ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ച ഒന്നിന് കെൽട്രോൺ ജങ്ഷന് സമീപം പ്രവർത്തനരഹിതമായ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിലായിരുന്നു അപകടം.
ചന്തിരൂരിൽ സുഹൃത്തിന്‍റെ വീടുതാമസ ചടങ്ങിൽ പങ്കെടുത്തശേഷം മൂവരും ഒരേ ബൈക്കിൽ മടങ്ങുമ്പോൾ നിയന്ത്രണംവിട്ട് എറണാകുളത്തെ കേന്ദ്രീയ വിദ്യാലയത്തിന്റെ നിർത്തിയിട്ട ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപെട്ട ഡ്യൂക്ക് ബൈക്ക് പൂർണമായും തകർന്നു. അരൂർ പൊലീസും നാട്ടുകാരും അപകടത്തിൽപെട്ട യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതവേഗമാണ് അപകടകാരണമെന്ന് പറയുന്നു.
വെൽഡിങ് തൊഴിലാളിയായ അഭിജിത് അടുത്തിടെയാണ് വിവാഹിതനായത്. മാതാവ്: ബിന്ദു. ഭാര്യ: വൃന്ദമോൾ. സഹോദരൻ: ബിജിത്. ആൽവിൻ ബി.കോം അവസാന വർഷ വിദ്യാർഥിയാണ്. മാതാവ്: പ്രമോദിനി. സഹോദരൻ: ആഷിക്.
എ.സി മെക്കാനിക്കാണ് വിജോയി. മാതാവ്: മിനി. സഹോദരൻ: റിജോയ്. മൂവരുടെയും സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. ആൽബിന്റെയും അഭിജിത്തിന്‍റെയും മൃതദേഹം നെട്ടൂർ ശ്മശാനത്തിലും വിജോയിയുടെ മൃതദേഹം എരമല്ലൂർ സെന്‍റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിലും സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.