മലബാറിൽ മൂന്ന് പുതിയ ജില്ലകൾ കൂടി രുപീകരിക്കണം; ജില്ലാ വിഭജന യാത്രയുമായി പി.വി അൻവർ

മലപ്പുറം: മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കാനും സമഗ്രമായ വികസനം സാധ്യമാക്കാനും ജില്ല വിഭജനം അടക്കമുള്ള ആവശ്യങ്ങളുയർത്തി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി അൻവർ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.

'വിവേചനത്തിനെതിരെ ശബ്‌ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക'എന്ന പ്രമേയമുയർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലൂടെ വികസന മു​ന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ വികസന യാത്രയാണ് അൻവർ സംഘടിപ്പിക്കുന്നത്.

മലബാറിൻ്റെ വികസനം സാധ്യമാകണമെങ്കിൽ കോഴിക്കോട് മിനി സെക്രട്ടേറിയറ്റ് സ്ഥാപിക്കണമെന്ന് പി.വി.അൻവർ പറയുന്നു. ആറു മുതൽ എട്ടുവരെ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന രീതിയിൽ മലപ്പുറം,കോഴിക്കോട്,കണ്ണൂർ,പാലക്കാട് ജില്ലകൾ പുന:​ക്രമീകരിക്കണം. തിരൂർ,വടകര,ഷൊർണൂർ ആസ്ഥാനമാക്കി മൂന്ന് പുതിയ ജില്ലകൾ രൂപവത്കരിക്കണം. മലയോര, തീരദേശ മേഖലകൾക്ക് ഒരുപോലെ പ്രാതിനിധ്യം കൊടുത്തുകൊണ്ട് ജനസംഖ്യാനുപാതികമായി വേണം ജില്ല പുനസംഘടനയെന്നും അൻവർ പറഞ്ഞു.

മലബാറിലെ ജനങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങൾ നിറവേറ്റാൻ കോഴിക്കോട് മിനി സെക്രട്ടേറിയറ്റ് അനിവാര്യമാണെന്ന് അൻവർ പറയുന്നു. ഒട്ടനവധി സംസ്ഥാനങ്ങളിൽ ഭരണസൗകര്യാർഥം ഒന്നിൽ കൂടുതൽ തലസ്ഥാന നഗരങ്ങൾ ഉണ്ട്.കർണാടക, തമിഴ്‌നാട് ഹൈക്കോടതിക്ക് വിവിധ സ്ഥലങ്ങളിൽ ഒന്നിലധികം ബെഞ്ചുകളുണ്ട്.ഇത് കേരളത്തിലും സാധ്യമാണ്.മിനി സെക്രട്ടേറിയറ്റിൽ സെക്രട്ടേറിയറ്റ് അനക്‌സ്, മുഖ്യമന്ത്രിയുടെ ഓഫിസ്, മന്ത്രിമാരുടെ ഓഫിസുകൾ, ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ, ഹെക്കോടതി സ്പെഷൽ ബെഞ്ച്, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, ഡയറക്ടറേറ്റ് ഓഫ് ഹയർ എജ്യുക്കേഷൻ, പി.എസ്.സി മലബാർ ഹെഡ് ക്വാട്ടേഴ്‌സ്, പൊലീസ് മലബാർ ഹെഡ് ക്വാട്ടേഴ്സ്, ഫയർ ആൻഡ് റെസ്‌ക്യൂ മലബാർ ഹെഡ് ക്വാട്ടേഴ്‌സ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവ വേണം. വർധിച്ചുവരുന്ന അർബുദ രോഗികൾക്ക് തിരുവനന്തപുരം വരെ യാത്ര ചെയ്ത് ചികിത്സ തേടാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് മലബാറിലും റീജണൽ കാൻസർ സെൻ്റർ

ആരംഭിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

കോവിഡ് വാക്സിൻ വിതരണം ചെയ്‌ത സമയത്ത് മലപ്പുറം, കോഴിക്കോട് ജില്ലകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ വ്യക്തമായതാണെന്ന് അൻവർ പറഞ്ഞു. കേന്ദ്രം അനുവദിച്ച വാക്‌സിൻ ജില്ലകൾക്ക് വീതിച്ചുനൽകുകയാണ് സർക്കാർ ചെയ്ത‌ത്. ജനസംഖ്യാനുപാതം അനുസരിച്ച് മറ്റു പല ജില്ലകൾക്കും ലഭിച്ചതിൻ്റെ മൂന്നിരട്ടി മലപ്പുറത്തിന് മാത്രം ലഭിക്കണമായിരുന്നു. എന്നാൽ, ജില്ലാ അടിസ്ഥാനത്തിൽ വാക്‌സിൻ വിതരണം ചെയ്തപ്പോൾ

തദ്ദേശ സ്ഥാപനങ്ങൾ എണ്ണത്തിൽ കൂടുതലായ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല പഞ്ചായത്തുകളിലും വാക്‌സിൻ ലഭിക്കാത്ത അവസ്ഥയുണ്ടായി.

2011ലെ സെൻസസ് അനുസരിച്ച് മൂന്ന് കോടിയിലധികം ജനസംഖ്യയുള്ള കേരളത്തിൽ 1.25 കോടി ആളുകളും താമസിക്കുന്നത് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ്. കേരളത്തിൻ്റെ മൊത്തം ജനസംഖ്യയുടെ 45 ശതമാനവും ഈ നാല് ജില്ലകളിലാണ്. ജനസംഖ്യാ വളർച്ചയുടെ

തോതനുസരിച്ച് 2025ൽ ഈ നാല് ജില്ലകളുടെ ജനസംഖ്യ ഒന്നരക്കോടിയിലെത്തും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും കേരള ജനതയുടെ 45 ശതമാനത്തോളം വരുന്ന മനുഷ്യർക്ക് ശരിയായ അർഥത്തിൽ ലഭിക്കണമെങ്കിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ വിഭജിച്ച് പുതിയ മൂന്ന് ജില്ലകൾകൂടി രൂപവത്കരിക്കണം. 1984ൽ കാസർക്കോട് ആണ് കേരളത്തിൽ രൂപീകൃതമായ അവസാനത്തെ ജില്ല. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ജില്ലകളുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ കേന്ദ്രവിഹിതം വാങ്ങിയെടുക്കുമ്പോഴാണ് കേരളം പഴയനിലയിൽതന്നെ തുടരുന്നത്.

മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വൺ സീറ്റില്ലാതെ എല്ലാ വർഷവും വിദ്യാലയങ്ങൾക്ക് പുറത്തുനിൽക്കുന്നത് പതിനായിരക്കണക്കിന് വിദ്യാർഥികളാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും തൊട്ടടുത്ത വിദ്യാലയവും ഇഷ്‌ടപ്പെട്ട കോഴ്സും തെരഞ്ഞെടുക്കാൻ മലബാറിലെ വിദ്യാർഥികൾക്ക് കഴിയുന്നില്ല. എന്നാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആയിരക്കണക്കിന് സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും മലബാറിൻ്റെ സ്ഥിതി അതിദയനീയമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി 2200ലധികം സർക്കാർ/എയ്‌ഡഡ് സീറ്റുകളാണ് ആകെ മലബാറിലുള്ളത്. മലപ്പുറം ജില്ലയിൽ മാത്രം പ്ലസ്‌ടു ജയിക്കുന്നവർ അമ്പതിനായിരത്തോളമാണ്. മലബാറിലെ സീറ്റുകൾ മുഴുവൻ ഉപയോഗിച്ചാലും മലപ്പുറത്തെ വിദ്യാർഥികൾക്ക് പോലും തികയില്ല. 85 ശതമാനത്തോളും പേരും പടിക്ക് പുറത്തു തന്നെ ആയിരിക്കുമെന്ന് അൻവർ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യരംഗത്തും വ്യവസായരംഗത്തും മലബാർ വളരെ പിന്നാക്കമാണെന്നും അൻവർ പറയുന്നു. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലുള്ളവർ വിദഗ്‌ധ ചികിത്സക്കായി ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളജിനെയാണ്. ഇവിടെ നിന്ന് മണിക്കൂറുകൾ ആംബുലൻസിൽ സഞ്ചരിച്ച് കോഴിക്കോട് എത്തുമ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാനാവാത്ത വിധത്തിൽ കാര്യങ്ങൾ മാറിയിരിക്കും. കാസർകോട് ജില്ലക്കാർ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി കർണാടകയെ ആശ്രയിക്കുകയാണ്. കർണാടക അതിർത്തി അടച്ചാൽ കാസർകോടിൻ്റെ ആരോഗ്യരംഗം വഴിമുട്ടിപ്പോകും. കേരളത്തിലെ ഒരു ജില്ലയുടെ ആവശ്യങ്ങൾ നിറവേറ്റാൻ അയൽ സംസ്ഥാനം വേണ്ടിവരുന്നത് ലജ്ജാകരമാണെന്ന് അൻവർ പറയുന്നു. താലൂക്ക്, വില്ലേജ് ഓഫിസുകൾ, ​േബ്ലാക്ക്, ഗ്രാമപഞ്ചായത്തുകൾ പോലുള്ള ഭരണസംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊച്ചിക്കും തിരുവിതാംകൂറിനും ആനുപാതികമായി മലബാറിലില്ല. ആശുപത്രികളുടെയും സാ​ങ്കേതിക സംവിധാനങ്ങളുടെയും കുറവുണ്ട്. കാർഷിക മേഖല പിന്നാക്കമാണ്. മലബാറിലെ റോഡ്, റെയിൽവേ ശൃംഖലകൾ തെക്കൻ കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ അന്തരമുണ്ട്. ഉദ്യോഗസ്ഥതലത്തിൽ മലബാറിന് പ്രാതിനിധ്യക്കുറുവുണ്ട്.

അൻവർ മുന്നോട്ടുവെക്കുന്ന ജില്ലാ വിഭജനം ഇങ്ങനെ:

പാലക്കാട് ജില്ല(മണ്ണാർക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട്,

ചിറ്റൂർ, ആലത്തൂർ, നെന്മാറ അസംബ്ലി മണ്ഡലങ്ങൾ)

തിരൂർ ജില്ല(കോട്ടക്കൽ, തവനൂർ, പൊന്നാനി, താനൂർ, തിരൂർ, വള്ളിക്കുന്ന്,

തിരൂരങ്ങാടി, വേങ്ങര),

ഷൊർണ്ണൂർ ജില്ല(തൃത്താല, പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം, ചേലക്കര, തരൂർ)

മലപ്പുറം ജില്ല(ഏറനാട്, നിലമ്പൂർ, വണ്ടൂർ,പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി)

കോഴിക്കോട് ജില്ല (ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, കുന്ദമംഗലം,എലത്തൂർ, കൊടുവള്ളി, തിരുവമ്പാടി),

വടകര ജില്ല(കൂത്തുപറമ്പ്, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി), >കണ്ണൂർ ജില്ല(തളിപറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, മട്ടന്നൂർ, പോരാവൂർ, ധർമടം, തലശ്ശേരി),

കാസർക്കോട്(​ മഞ്ചേശ്വരം, കാസർക്കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്ല്യാശ്ശേരി)

Tags:    
News Summary - Three new districts should be formed in Malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.