കോഴിക്കോട്: കേരള സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾക്ക് ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടു. പ്രവാസി വെൽഫെയർ ബോർഡുമായി ബന്ധപ്പെടുമ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. 2026 മേയ് മുതലുള്ള പ്രവാസിക്ഷേമ പെൻഷനാണ് കുടിശ്ശികയായത്. കുടിശ്ശിക മുടങ്ങിയവരുടെ കൂട്ടത്തിൽ നാലും അഞ്ചും മാസങ്ങളിലെ അരിയർതുക ലഭിക്കാനുള്ള പുതിയ പെൻഷൻകാരുമുണ്ട്.
പ്രവാസി ക്ഷേമനിധി ബോർഡിൽ നിലവിൽ 9.5 ലക്ഷത്തോളം അംഗങ്ങളും 94000ത്തിലേറെ പെൻഷൻകാരുമാണുള്ളത്. അതിൽ വലിയൊരു പങ്ക് പ്രവാസികളും പെൻഷൻ തുക ആശ്രയിച്ചാണ് മരുന്നിനും നിത്യച്ചെലവുകൾക്കും പണം കണ്ടെത്തുന്നത്. പ്രവാസകാലത്ത് ഉണ്ടാക്കിയ സമ്പാദ്യം വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവക്കായി ചെലവഴിച്ചവരാണ് പ്രവാസികളിൽ ഏറെയും. ഓണ സീസണായതിനാൽ വീട്ടുചെലവ് നടത്താനും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനും പ്രവാസികൾ പ്രയാസപ്പെടുകയാണ്. പ്രതിമാസം 35 കോടി രൂപ വീതം നിലവിൽ ഏകദേശം 105 കോടിയിലധികം രൂപയുടെ കുടിശ്ശികയാണ് സർക്കാറിനുള്ളത്. പദ്ധതിയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് പുറമേ, അംഗങ്ങൾക്ക് ഓൺലൈൻ വഴി കുടിശ്ശിക അടക്കാനുള്ള സംവിധാനം മുന്നറിയിപ്പുകളില്ലാതെ നിർത്തിവെച്ചിരിക്കുകയാണ്. 60 വയസ്സ് കഴിഞ്ഞവർക്ക് കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഇതുമൂലം ദീർഘകാലം വിഹിതം അടച്ച പലരും പെൻഷൻ ആനുകൂല്യങ്ങൾക്ക് പുറത്താകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. കുടിശ്ശിക തീർക്കാൻ സർക്കാർ ഭാഗത്തുനിന്ന് 2009 മുതലാണ് പ്രവാസി ക്ഷേമ നിധി ബോർഡ് പ്രവാസി ക്ഷേമനിധി ആരംഭിച്ചത്.
വിദേശത്ത് ഇപ്പോഴും ജോലി തുടരുന്ന പ്രവാസികൾ, ജോലി മതിയാക്കി തിരികെ എത്തിയവർ, ആറുമാസമായി ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്ന പ്രവാസികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കാണ് പെൻഷൻ നൽകുന്നത്. വിദേശത്ത് തുടരുന്നവർ പ്രതിമാസം 350 രൂപയും മറ്റ് രണ്ട് വിഭാഗങ്ങൾ പ്രതിമാസം 200 രൂപ വീതവുമാണ് അംശാദായം അടക്കേണ്ടത്. അഞ്ചുവർഷത്തിൽ കുറയാത്ത അംശാദായം അടച്ച വിദേശത്തുള്ള അംഗങ്ങൾക്ക് ചുരുങ്ങിയത് 3500 രൂപയും മറ്റ് രണ്ട് വിഭാഗങ്ങൾക്ക് 3000 രൂപയുമാണ് പെൻഷൻ ആയി ലഭിക്കുക. അംശാദായം അടച്ച വർഷങ്ങളുടെ അടിസ്ഥാനത്തിൽ ഇത് 7,000 രൂപ വരെ ലഭിക്കും. കഴിഞ്ഞ മേയ് വരെയുള്ള കണക്കനുസരിച്ച് പ്രവാസി ക്ഷേമനിധിയിൽ 9.5 ലക്ഷം അംഗങ്ങളാണുള്ളത്. 94,666 വരും പെൻഷൻകാരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.