ഒരു വർഷം മുമ്പ് ശ്രീധരന്റെ വീടിന് മുകളിലേക്ക് പതിച്ച മണ്ണും അപകടാവസ്ഥയിലായ വീടുകളും (ഫയൽ ചിത്രം), ഇത്തവണ ഇടിഞ്ഞ ഭാഗം
വെള്ളമുണ്ട: മൂന്നു വർഷമായി തുടർച്ചയായി മണ്ണിടിയുന്ന സ്ഥലത്ത് ഭീതിയോടെ മൂന്ന് ആദിവാസി കുടുംബങ്ങൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏഴേനാൽ എടത്തിൽ പണിയ കോളനിയിലെ മൂന്നുവീടുകളാണ് തകർച്ചയുടെ വക്കിലുള്ളത്.
കനത്ത മഴയെ തുടർന്ന് കോളനിയിലെ ശ്രീധരന്റെ വീടിന് മുകളിലേക്ക് ഇത്തവണയും മണ്ണിടിഞ്ഞ് താഴുകയായിരുന്നു. കഴിഞ്ഞ വർഷം വീടിന്റെ മുകളിലേക്ക് മണ്ണ് പതിച്ചപ്പോൾ ഭാഗ്യത്തിനാണ് കുടുംബം രക്ഷപ്പെട്ടത്. അന്ന് വലിയ തോതിൽ മണ്ണും കല്ലും വീടിന്റെ ചുമരിൽ വന്നടിഞ്ഞതിനാൽ വീടിന്റെ നിലനിൽപ്പ് അപകടത്തിലായിരുന്നു. മണ്ണിടിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്യാനോ സുരക്ഷാ നടപടി സ്വീകരിക്കാനോ അധികൃതർ തയാറായില്ല. ഈ വർഷവും കഴിഞ്ഞ വർഷവും സ്വന്തമായി മണ്ണ് നീക്കം ചെയ്തു.
ശ്രീധരന്റെ വീടിന് മുകൾവശത്തുള്ള സുമതി, പാറു എന്നീ രണ്ടു വീടുകളും അപകടാവസ്ഥയിലാണ്. ഈ രണ്ടു വീടുകളുടെ മുറ്റമടക്കം നേരത്തേ ഇടിഞ്ഞ് താഴ്ന്നിരുന്നു. വീട് പണി പൂർത്തിയാകും മുമ്പെ വീട് വാസയോഗ്യമല്ലാതായ അവസ്ഥയിലാണ് കുടുംബങ്ങൾ. മഴക്ക് ശമനമായെങ്കിലും ഇടിഞ്ഞുനിൽക്കുന്ന കുന്നിലും ചുവട്ടിലുമായി സ്ഥിതി ചെയ്യുന്ന മൂന്നുവീടുകളും ഇപ്പോഴും അപകടാവസ്ഥയിലാണ്. ‘മാധ്യമം’ വാർത്തയെ തുടർന്ന് പഞ്ചായത്തും ട്രൈബൽ വകുപ്പും ഇടപെട്ട് പ്രദേശത്തെ കുറിച്ച് പഠിക്കുകയും ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, നടപടികളൊന്നും ഉണ്ടായില്ല. ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ആറു മാസം മുമ്പ് പ്രദേശത്ത് മതിൽ നിർമിക്കുമെന്ന് രേഖാമൂലം ശ്രീധരനെ അറിയിച്ചിരുന്നു. നടക്കാത്ത ഉറപ്പുകൾ മാത്രമാണ് അധികൃതരിൽ നിന്നുണ്ടായത് എന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.