കെ.എസ്.ഇ.ബി ഓഫീസിലെ സാമ്പത്തിക ക്രമക്കേട്: അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

എറണാകുളം: മൂവാറ്റുപുഴ പോത്താനിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടിൽ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ ഗണേഷ് കുമാർ പി.ജി, സബ് എൻജിനീയർ ഗിരീഷ് കെ.വി, വർക്കർ എൽദോ കെ.എം എന്നിവർക്കെതിരെയാണ് കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിരിക്കുന്നത്.

കെ.എസ്.ഇ.ബി ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഓഫീസിലെ വലിയ തോതിലുള്ള ക്രമക്കേടുകൾ വെളിച്ചത്തുവന്നത്. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ തുക കൃത്യസമയത്ത് ബോർഡ് അക്കൗണ്ടിൽ അടയ്ക്കാതിരിക്കുക, വാണിജ്യ സ്ഥാപനങ്ങൾക്ക് ചട്ടങ്ങൾ മറികടന്ന് അനധികൃതമായി ഗാർഹിക വൈദ്യുതി കണക്ഷനുകൾ നൽകുക, മേൽനോട്ടത്തിൽ ഗുരുതര വീഴ്ച വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കുമേൽ ചുമത്തിയിട്ടുള്ളത്.

കൂടാതെ, വർക്കർ എൽദോ ബന്ധുക്കളുടെ പേരിൽ കരാർ ജോലികൾ സ്വന്തമാക്കി ഇടനിലക്കാരനായി പ്രവർത്തിച്ചതായും, ഔദ്യോഗിക സമയത്ത് ചുമതലകളിൽ നിന്ന് വിട്ടുനിന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഓഫീസിൽ കൂടുതൽ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് വിഷയം സംസ്ഥാന വിജിലൻസിന് കൈമാറാൻ ശുപാർശ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Three KSEB Officials Suspended Over Lakhs in Financial Fraud at Pothanikkad Office, Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.