സർക്കാർ ആശുപത്രികളിൽ രോഗികൾ ഏറെ; ഡോക്ടർമാരോ?
സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമാകുന്നത് സർക്കാർ ആശുപത്രികളാണ്. എന്നാൽ, സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരോ സൗകര്യങ്ങളോ ഇല്ലെങ്കിൽ എന്തുചെയ്യും?. നിത്യേന ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജില്ലയിലെ പല പ്രധാന ആശുപത്രികളിലും ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല വകുപ്പുകളിലും ഒറ്റ ഡോക്ടർപോലുമില്ലാതെ പ്രവർത്തിക്കാത്ത സ്ഥിതിയുമുണ്ട്. എത്ര അവശരായ രോഗികളാണെങ്കിലും മണിക്കൂറുകളോളം കാത്തുനിന്നാലേ ഡോക്ടർമാരെ കാണാനാവൂ.
ജനറൽ ആശുപത്രിക്കുവേണം 10 സ്ഥിരം ഡോക്ടർമാരെ
ജില്ലയുടെ വിവിധ മേഖലകളിൽനിന്നും സമീപജില്ലകളിൽനിന്നുമായി നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന, സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ എറണാകുളം ജനറൽ ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്നത് 10 സ്ഥിരം ഡോക്ടർമാരുടെ തസ്തികകൾ. ഗ്യാസ്ട്രോ എൻറോളജി, ന്യൂറോ സർജറി ഉൾപ്പെടെ പ്രധാന വിഭാഗങ്ങളിൽ ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. വിവരാവകാശ രേഖയിൽ ആശുപത്രി അധികൃതർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ആശുപത്രിയിൽ 24 ആരോഗ്യ വിഭാഗങ്ങളിലായി 86 സ്ഥിരം ഡോക്ടർമാരുടെ തസ്തികകളാണ് അനുവദിച്ചത്. നിലവിൽ 76പേർ മാത്രമാണ് സ്ഥിരം ഡോക്ടർമാരായി സേവനത്തിലുള്ളതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നു. എച്ച്.ഡി.എസ്, എൻ.എച്ച്.എം തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ 35 കരാർ ഡോക്ടർമാരുമുണ്ട്. ഗ്യാസ്ട്രോ എൻറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിൽ നിലവിൽ ഡോക്ടർമാരില്ല. ഈ വിഭാഗങ്ങൾക്കൊപ്പം പീഡിയാട്രിക് സർജറി വിഭാഗവും പ്രവർത്തിക്കുന്നില്ല.
പ്രധാന സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തത് സാധാരണക്കാരായ രോഗികളെ ഏറെ ബാധിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തണമെന്ന ആവശ്യം ശക്തമാണ്.
മൂവാറ്റുപുഴയിലും രോഗികൾക്ക് ദുരിതം
ഡോക്‌ടർമാരുടെ കുറവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ജില്ലയിലെ കിഴക്കൻ മേഖലകളിൽനിന്നും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ ആറു ഡോക്ടർമാരുടെ കുറവാണുള്ളത്. പകർച്ചപ്പനി അടക്കം പകർച്ചവ്യാധികൾ വ്യാപകമായതോടെ അനിയന്ത്രിത തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം ഡോക്‌ടർമാരെ കാണാൻ കഴിയാത്തതിനെത്തുടർന്ന് രോഗികൾ ബഹളംവെച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ചീഫ് മെഡിക്കൽ ഓഫിസറുടെ മൂന്ന് ഒഴിവുകളും റെസിഡന്റ് മെഡിക്കൽ ഓഫിസറുടെ ഒരു ഒഴിവും ജൂനിയർ കൺസൾട്ടന്റ്-ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷനിൽ ഒരാളുടെ ഒഴിവും അനസ്ത്യേഷ്യ വിഭാഗത്തിൽ ഒരു ഡോക്ടറുടെ ഒഴിവുമാണുള്ളത്.
കോതമംഗലത്ത് പ്രധാനവിഭാഗങ്ങളിൽ ഒരാൾ മാത്രം
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ രണ്ട് തസ്തിക ഉള്ളതിൽ ഒന്ന് ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്നു. നിയമനം ലഭിച്ച ഡോക്ടര്‍ അവധിയെടുത്തുപോയതാണ് കാരണം. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്കാണ് അധികം രോഗികൾ എത്തുന്നത്. പനി ഉള്‍പ്പടെ രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയില്‍ ദിവസവും ആദിവാസി മേഖലയിൽനിന്നടക്കം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചു.
ഈ സാഹചര്യത്തില്‍ ഒരു ഫിസിഷ്യന്‍ മാത്രമുള്ളത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. മണിക്കൂറുകളോളം കാത്തുനിന്നാലെ ഫിസിഷ്യനെ കാണാനാവൂ. ഒട്ടേറെ രോഗികള്‍ മറ്റ് ഡോക്ടര്‍മാരെ കണ്ട് മടങ്ങുന്നു. ഓര്‍ത്തോ വിഭാഗത്തിലും ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പ്രധാന രണ്ട് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ അഭാവം ഗൗരവമായി കണ്ട് പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് രോഗികൾ ചൂണ്ടിക്കാട്ടുന്നു.
താലൂക്ക് നിലവാരത്തിൽ ജില്ല ആശുപത്രി
ആലുവ ജില്ല ആശുപത്രിക്ക് താലൂക്ക് ആശുപത്രിയുടെ നിലവാരമാണുള്ളത്. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്തിയിട്ട് രണ്ട് പതിറ്റാണ്ടോളമായി. ഇതുവരെ ജില്ല ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ ആയിട്ടില്ല. ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ പ്രധാന വിഭാഗങ്ങളിൽ പോലും ഒരോ ഡോക്ടർമാർ മാത്രമാണുള്ളത്. കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ദന്ത വിഭാഗത്തിലും ഒരു ഡോക്ടർ മാത്രമുള്ളത്. സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇതുവരെ യാഥാർഥ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.