രോഗി 42 മണിക്കൂർ ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: മൂന്ന് ജീവനക്കാർക്ക് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിൽ രണ്ടു ദിവസത്തോളം കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്‍റ് എന്നിവരെ അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

മെഡിക്കല്‍ കോളേജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റിലാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ കുടുങ്ങിയത്. നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗം ഡോക്ടറെ കാണുന്നതിനാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. ഇവിടെയുള്ള നാലു ലിഫ്റ്റുകളിൽ തകരാറിലായ ലിഫ്റ്റിലാണ് രവീന്ദ്രൻ കയറിയത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ ലിഫ്റ്റിൽ കുടുങ്ങി. ഫോൺ തകരാറിലായതിനാൽ സംഭവം ആരെയും വിളിച്ച് അറിയിക്കാനുമായില്ല.

സംഭവം ആശുപത്രിയിലെ ആരും ശ്രദ്ധിച്ചില്ല. ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് സ്ഥലംവിടുകയും ചെയ്തു. രവീന്ദ്രനെ കാണാതായതായി കുടുംബം പരാതി നൽകി അന്വേഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറിന് ലിഫ്റ്റ് അറ്റകുറ്റപ്പണിക്കായി തൊഴിലാളികൾ എത്തി തുറന്നപ്പോഴാണ് അകത്ത് കുടുങ്ങിക്കിടക്കുന്ന രവീന്ദ്രനെ കണ്ടത്. 

Tags:    
News Summary - Three employees suspended for Patient trapped in lift for 42 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.