കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നവവധുവടക്കം  മൂന്നുപേര്‍ മരിച്ചു

തിരൂരങ്ങാടി (മലപ്പുറം): കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലുള്ള വീട്ടിലേക്ക് മറിഞ്ഞ് നവവധുവടക്കം കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പരപ്പനങ്ങാടി ചിറമംഗലം തിരിച്ചിലങ്ങാടിയിലെ കോണിയത്ത് അബ്ദുറഹ്മാന്‍െറ മകന്‍ ഷമീറിന്‍െറ ഭാര്യ ഹുസ്ന (19), ഷമീറിന്‍െറ സഹോദരി ഷംന (14) പിതൃസഹോദരന്‍ കോണിയത്ത് റഷീദിന്‍െറ മകള്‍ ഫാത്തിമ ഷിഫാന (ഏഴ്) എന്നിവരാണ് മരിച്ചത്. മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട്കടവ് പാലത്തിന് സമീപം ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. കാറോടിച്ചിരുന്ന ഷമീര്‍ (25), സഹോദരങ്ങളായ ഹബീബ് (12), സല്‍മാന്‍ (ഒമ്പത്), പിതൃസഹോദരന്‍ റഷീദിന്‍െറ ഭാര്യ ഹബീബ (35) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിയാട്ടമുക്കില്‍ ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെയായിരുന്നു അപകടം. മാരുതി ആള്‍ട്ടോ കാര്‍ കാര്യാട് പാലം കടന്നയുടനെ നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ സുരക്ഷാശിലകള്‍ ഇടിച്ചുതകര്‍ത്താണ് മറിഞ്ഞത്. വീടിന്‍െറ ചുമരിന്‍െറ ഭാഗവും കാറും പൂര്‍ണമായും തകര്‍ന്നു. അകത്തുകുടുങ്ങിയവരെ കാര്‍ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഹുസ്നയും ഷമീറും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. 
 


സംഭവസ്ഥലത്തുതന്നെ മരിച്ച ഷിഫാനയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ചിറമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്ച. മറ്റ് രണ്ടുപേരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഹുസ്ന മൂന്നിയൂര്‍ ചുഴലി കുന്നുമ്മല്‍ കുട്ടിഹസന്‍െറയും റംലയുടെയും മകളാണ്. സഹോദരങ്ങള്‍: ഇസ്മായില്‍, യാസീന്‍, സ്വാലിഹ്. മരിച്ച ഫാത്തിമ ഷിഫാന പുത്തന്‍പീടിക മുനവിറുല്‍ ഇസ്ലാം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഒന്നാംക്ളാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഉമ്മുഹബീബ. സഹോദരന്‍: മുഹമ്മദ് ആസിഫ്. ഷംന പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാംക്ളാസ് വിദ്യാര്‍ഥിനിയാണ്. പിതാവ്: കോണിയത്ത് അബ്ദുറഹ്മാന്‍. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഷബീറലി, സല്‍മാന്‍.
 

Tags:    
News Summary - three dei in car accident tirurangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.