പാലക്കാട് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

കല്ലടിക്കോട് (പാലക്കാട്): അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികൾ മരിച്ചു. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്.

പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പ ക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും.

പാലക്കാട് നിന്നുംം മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേർ തച്ചമ്പാറ സ്വകാര്യാശുപത്രിയിലും മറ്റൊരു വിദ്യാർഥിനി മണ്ണാർക്കാട്ടെ സ്വകാര്യാശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ കാസർകോട് സ്വദേശി വർഗീസ് (52), ക്ലീനർ മഹേന്ദ്ര പ്രസാദ് (28) എന്നിവർ മണ്ണാർക്കാട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. പ്രദേശവാസികളും അഗ്നിരക്ഷസേനയും കല്ലടിക്കോട് പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. റോഡ് തടഞ്ഞവരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്താണ് ഗതാഗതം പുനരാരംഭിച്ചത്. പ്രശ്നം ചർച്ച ചെയ്യാൻ പാലക്കാട്ട് യോഗം വിളിക്കുമെന്ന് എ.ഡി.എം ഉറപ്പ് നൽകിയതോടെ ജനം പിൻമാറി.

Tags:    
News Summary - Three children died in lorry accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.