രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ ഇടുക്കിയില്‍ കൈയേറിയത് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി-വി.ഡി. സതീശൻ

കോഴിക്കോട് : രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ ഇടുക്കിയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൈയേറ്റാരെ നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിയുന്നില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായി കാണണം. കുടിയേറ്റക്കാരെ നിയമപരമായി സംരക്ഷിച്ച് അവര്‍ക്ക് പട്ടയം നല്‍കാനുള്ള നിയമപരമായ തടസങ്ങള്‍ നീക്കണം. അക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കും.

പരുന്തുംപാറ, വാഗമണ്‍, ചൊക്രമുടി, ചിന്നക്കനാല്‍, മാങ്കുത്തിമേട്, അണക്കരമേട്, കൊട്ടക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൈയേറ്റം. വാഗമണ്‍ മേഖലയിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് 2022 മുതല്‍ വില്ലേജ് ഓഫീസറും താലൂക്ക് സര്‍വെയറും ഉള്‍പ്പെടെയുള്ളവര്‍ പീരുമേട് തഹസീല്‍ദാര്‍ക്ക് നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.

വ്യാജപട്ടയം ഉണ്ടാക്കിയാണ് ഈ കൈയേറ്റങ്ങള്‍. വിവാദമായപ്പോള്‍ സര്‍ക്കാര്‍ ഭൂമി ആണെന്ന ബോര്‍ഡ് മാത്രം സ്ഥാപിച്ചു. അത് കൈയേറ്റക്കാര്‍ തന്നെ എടുത്ത് തോട്ടില്‍ കളയും. വ്യാജപട്ടയം ഉണ്ടാക്കി നൂറ് കണക്കിന് ഏക്കര്‍ ഭൂമി കൈയേറിയ ആള്‍ക്കെതിരെ ഇതുവരെ ഭൂ സംരക്ഷണ നിയമ പ്രകാരം ഒരു കേസ് പോലും എടുത്തിട്ടില്ല.

ചൊക്രമുടിയില്‍ രണ്ടു മേഖലകളിലാണ് കൈയേറ്റം. ഒരു മേഖലയില്‍ 13.7 ഏക്കര്‍ ഭൂമിയുടെ പട്ടയം സര്‍ക്കാര്‍ മാറ്റി. അതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ ആരാണ് കയ്യേറിയത്. ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ പേര് പറഞ്ഞാല്‍ അത് വലിയ വിവാദമാകും. അതുകൊണ്ട് ആരുടെയും പേര് പറയുന്നില്ല. മദിരാശിയില്‍ നിന്നുള്ള കൈയേറ്റക്കാരന്‍ കൊട്ടക്കമ്പൂരില്‍ 344.5 ഏക്കര്‍ കൈയേറിയെന്ന് തഹസീല്‍ദാരും സബ് കലക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.

അയാള്‍ തന്നെയാണ് ചൊക്രമുടിയിലും ഭൂമി കയ്യേറിയത്. ചിന്നക്കനാല്‍, വട്ടവട, കാന്തല്ലൂര്‍, മാങ്കുളം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂ മാഫിയ കൈയേറിയെന്നാണ് റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പറഞ്ഞത്. കൈയേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇടുക്കിയിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൈയേറ്റം സംബന്ധിച്ച് മന്ത്രിക്ക് കിട്ടിയ പരാതി പരിശോധിക്കാന്‍ ഇടുക്കി കലക്ടറേറ്റിലേക്ക് അയച്ചപ്പോള്‍ അത് ഏറ്റുവാങ്ങിയതും ഇതേ ഉദ്യോഗസ്ഥനാണ്. ആ ഉദ്യോഗസ്ഥന്‍ കൈയേറ്റത്തെ റെഗുലറൈസ് ചെയ്ത് കൊടുത്തു. അതുകൊണ്ടാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. അന്ന് ഞാനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ചൊക്രമുടിയില്‍ പോയി. ഞങ്ങള്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് നടപടി സ്വീകരിക്കാന്‍ നിങ്ങള്‍ തയാറായത്.

ഇതിന്റെ തൊട്ട് അപ്പുറത്ത് കല്ലമ്പലം, പച്ചപ്പുല്ല്, ഉപ്പള തുടങ്ങിയ സ്ഥലത്ത് കയ്യേറ്റക്കാര്‍ പാറ പൊട്ടിച്ച് 2.5 കിലോമീറ്റര്‍ നീളത്തില്‍ പത്ത് മീറ്റര്‍ വീതിയില്‍ റോഡ് നിർമിച്ചു. അത് നിർമിച്ച ആളുടെയും പേര് പറയുന്നില്ല. അതാണോ പാറാ, അതോ അത് കണ്ടിട്ട് അനങ്ങാതെ ഇരിക്കുന്ന സര്‍ക്കാരാണോ അനങ്ങാപ്പാറ എന്നതിലാണ് സംശയം. പറപൊട്ടിച്ച് റോഡ് നിർമിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. നടപടി എടുക്കാത്തതിന് കാരണം രാഷ്ട്രീയ സമ്മർദമാണ്. ഈ ഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ കൈയിലാണ്.

ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് കൈമാറിയ ഭൂമി ഉള്‍പ്പെടെ കൈയേറിയത് ആരാണ്? ആ കയ്യേറ്റക്കാരന്റെയും പേര് പറയുന്നില്ല. അയാളെ തൊടാന്‍ പറ്റിയോ? സര്‍ക്കാര്‍ പുറമ്പോക്കിലും പാറഖനനം നടത്തുകയാണ്. അതിന് പിന്നിലും പ്രധാനപ്പെട്ട ഒരാളുടെ കുടുംബമാണ്. 2024-ല്‍ മാത്രം ജില്ലാ ജിയോളജിസ്റ്റ് പാറഖനനം സംബന്ധിച്ച് 27 റിപ്പോര്‍ട്ട് കൊടുത്തു. 29-04-2024-ല്‍ പാറ പൊട്ടിച്ച ആളുടെ പേര് വച്ച് പരാതി നല്‍കി. അപ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലം മാറ്റി എന്നതായിരുന്നു ആ നടപടി. അതാണ് ശക്തമായ നടപടി സ്വീകരിച്ചു എന്ന് പറഞ്ഞത്.

1964 ലെ റൂള്‍ അനുസരിച്ചുള്ള പട്ടയ വിതരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കയ്യേറ്റവും കുടിയേറ്റവും രണ്ടാണെന്നും കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ല. ആരാണ് വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കയ്യേറിയത് എന്നതിന്റെ ലിസ്റ്റ് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാരിന് നല്‍കാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് സ്‌റ്റേ വന്നത്.

രണ്ടു ലക്ഷത്തി പതിനായിരം ഏക്കറാണ് സി.എച്ച്.ആര്‍ ഭൂമി. ഭൂമി റവന്യൂവിന്റെയും മരങ്ങള്‍ വനം വകുപ്പിന്റേതുമാണെന്ന നിലപാടാണ് കാലങ്ങളായി സ്വീകരിച്ചിരുന്നത്. എന്നാല്‍ റവന്യൂ വകുപ്പ് ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ സി.എച്ച്.ആര്‍ വനഭൂമിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. 2018-ല്‍ വനം വകുപ്പ് ഉണ്ടാക്കിയ റിപ്പോര്‍ട്ടിലും വനഭൂമിയാണെന്നാണ് പറയുന്നത്.

സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തില്‍ പറയുന്നത് സി.എച്ച്.ആര്‍ 413 സ്‌ക്വയര്‍ മൈല്‍ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ 334 സ്‌ക്വയര്‍ മൈല്‍ മാത്രമെയുള്ളൂ. ശരിയായ രീതിയിലല്ല കേസ് പോകുന്നത്. സി.എച്ച്.ആറിലെ 15000 ഏക്കര്‍ മാത്രമാണ് വനഭൂമി. അത് സി.എച്ച്.ആറിന് പുറത്തല്ല. എതിരായി വിധി വന്നാല്‍ 210000 ഏക്കര്‍ ഭൂമിയില്‍ നിന്നും ആളുകള്‍ കുടിയിറക്കപ്പെടും.

കട്ടപ്പനയിലും കാഞ്ചിയാറിലും പട്ടയം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 1993 ലെ റൂള്‍ അനുസരിച്ച് പ്രത്യേക കമുറിയുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ പറഞ്ഞിട്ടുണ്ട്. കടമുറിയുടെ വിസ്തീര്‍ണം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ആയിരക്കണക്കിന് പേര്‍ക്ക് അതിന്റെ പ്രയോജനം കിട്ടും. ഇപ്പോള്‍ ഏലം കുത്തക പാട്ടവും പുതുക്കിക്കൊടുക്കുന്നില്ല. ദുരന്തനിവാരണ നിയമം അനുസരിച്ച് 13 പഞ്ചായത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കറന്റ് എടുക്കുന്നതിന് പോലും എന്‍.ഒ.സി വേണം. ഇടുക്കി ജില്ലയില്‍ വ്യാപകമായി എല്ലാ പ്രദേശങ്ങളിലും ഭൂമി പ്രശ്‌നങ്ങള്‍ കൊണ്ട് ജനങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. തലമുറകളായി ജീവിക്കുന്നവര്‍ക്ക് പോലും ജീവിക്കാനാകാത്ത അവസ്ഥയാണ്. അപ്പോഴും കൈയേറ്റക്കാര്‍ സൈ്വര്യവിഹാരം നടത്തുകയാണ്.

ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ കയ്യേറിയിരിക്കുന്നത്. ആ ഭൂമി മറിച്ച് വിറ്റ് അവര്‍ കോടികളാണ് സമ്പാദിക്കുന്നത്. കൈയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. പട്ടയ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനും ഈ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നു വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Thousands of acres of land were encroached upon in Idukki with the support of a political party - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.