ചണ്ഡീഗഡ്: ഥാർ ഓടിക്കുന്നവർക്കെല്ലാം ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡി.ജി.പി ഒ.പി സിങിന് വക്കീൽ നോട്ടീസ് അയച്ച് ഒരു ഥാർ വാഹന ഉടമ. ഡി.ജി.പി പൊതുജനത്തിന് മുൻപിൽ 15 ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നാണ് ഗുരുഗ്രാമിൽ നിന്നുള്ള ഥാർ ഉടമയുടെ ആവശ്യം. സാർവേ മിത്തർ എന്നയാളാണ് ഡി.ജി.പി മാപ്പ് എഴുതി നൽകണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് നേരിടേണ്ടി വരുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
നവംബർ എട്ടിന് നടന്ന വാർത്താസമ്മേളനത്തിലാണ് ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ഭ്രാന്താണെന്ന് ഡി.ജി.പി അഭിപ്രായപ്പെട്ടത്. 'വാഹന പരിശോധനക്കിടെ എല്ലാ വാഹനങ്ങളും തടയാറില്ല, പക്ഷേ ഥാറിനെ ഒഴിവാക്കാറില്ല. ഥാറോ ബുള്ളറ്റോ ഉപയോഗിക്കുന്നവരെ കാണുമ്പോൾ അവരുടെ മൈൻഡ് സെറ്റ് അറിയാൻ സാധിക്കും. ക്രിമിനൽ സ്വഭാവമുള്ളവരാണ് ഇവ ഉപയോഗിക്കുന്നത് എന്നടക്കമുള്ള പരാമർശമാണ് ഡി.ജി.പി നടത്തിയത്.
ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. നിരവധി വാഹന ഉടമകളും വാഹനപ്രേമികളും ഇതിനെ വിമർശിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും സോഷ്യൽ മീഡിയയിലൂടെ ഈ പരാമർശത്തെ വിമർശിച്ചിരുന്നു.
2023 ജനുവരിയിൽ 30 ലക്ഷം മുടക്കിയാണ് താൻ ഥാർ സ്വന്തമാക്കിയതെന്ന് പരാതിക്കാരൻ പറഞ്ഞു. നിർമാണ ഗുണനിലവാരം, സുരക്ഷ ഫീച്ചറുകൾ, മികച്ച പ്രകടനം എന്നിവയെല്ലാം വിലയിരുത്തിയാണ് ഥാർ വാങ്ങിയത്.
ഡി.ജി.പിയുടെ പരാമർശം വൈറലായതുമുതൽ എല്ലാവരിൽ നിന്നും പരിഹാസവും അപമാനകരമായ പരാമർശങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മിത്ര വക്കീൽ നോട്ടീസിൽ പറയുന്നു.
ഡി.ജി.പിയുടെ പ്രസ്താവന വൈറലായതിന് പിന്നാലെ അഭിനേത്രി ഗുൽ പനാഗ് ഥാർ - ബുള്ളറ്റ് ഉടമകളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. താനും ഇവ ഉപയോഗിക്കുന്നയാളാണെന്നും മികച്ച ബ്രാൻഡാണ് ഇവ രണ്ടുമെന്നും ഇത് ഉപയോഗിക്കുന്നവരെ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പറഞ്ഞതുകൊണ്ട് നേട്ടമില്ലെന്നും നടി പറഞ്ഞിരുന്നു.
'പരിശോധനക്കായി എല്ലാ വാഹനങ്ങളും ഞങ്ങൾക്ക് തടഞ്ഞു നിർത്താനാവില്ല. പക്ഷെ അതൊരു ഥാർ ആണെങ്കിൽ, ഞങ്ങൾക്ക് എങ്ങനെ വിട്ടയക്കാൻ കഴിയും? അല്ലെങ്കിൽ ബുള്ളറ്റ്... ക്രിമിനൽ സ്വഭാവമുള്ളവർ ഈ രണ്ട് വാഹനങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.'
'വാഹനത്തിന്റെ തെരഞ്ഞെടുപ്പ് ഒരാളുടെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഥാർ ഓടിക്കുന്നവർ റോഡിൽ സ്ഥിരമായി അഭ്യാസങ്ങൾ നടത്തുന്നു. ഒരു അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മകൻ ഥാർ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. മകനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അപ്പോൾ ഞങ്ങൾ ചോദിച്ചു, ഈ കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്? അത് അദ്ദേഹത്തിന്റെ പേരിലാണ്. അപ്പോൾ യഥാർഥ കുറ്റക്കാരൻ അദ്ദേഹം തന്നെയാണ്.' ഒ.പി സിങ് പറഞ്ഞു.
പിന്നീട് തന്റെ അടുത്ത് നിന്ന സഹപ്രവർത്തകനായ പൊലീസുകാരനെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ പൊലീസുകാരുടെ പട്ടിക എടുത്താൽ, എത്രപേർക്ക് ഥാർ ഉണ്ടാകും? ആ വണ്ടി ആർക്കൊക്കെയുണ്ടോ, അവർക്കൊക്കെ ഭ്രാന്തായിരിക്കും. ഥാർ ഒരു കാറല്ല, അതൊരു പ്രസ്താവനയാണ്, 'ഞാൻ ഇങ്ങനെയാണ്' എന്ന് മറ്റുള്ളവരോട് പറയുകയാണ് അതോടിക്കുന്നവർ.
പിന്നെ ഒന്നും പറയാനില്ല, അങ്ങനെയെങ്കിൽ വരുന്നതിനെ നേരിടുക. രണ്ടും ഒരുമിച്ച് പറ്റില്ല. നിങ്ങൾക്ക് ഗുണ്ടായിസം കാണിക്കുകയും വേണം എന്നിട്ട് പിടിയിലാകാനും കഴിയില്ല എന്ന് പറഞ്ഞാൽ നടക്കില്ല.' വാർത്താസമ്മേളനത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.