വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർ പൊതുതാൽപര്യത്തിന്‍റെ ശത്രുക്കൾ -വിവരാവകാശ കമീഷണർ

ആലപ്പുഴ: വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർ പൊതുതാൽപര്യത്തിന്‍റെ ശത്രുക്കളാണെന്ന് വിവരാവകാശ കമീഷണർ. ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷൻ ക്യാമ്പ് സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിൽ പൗരനെ പങ്കാളിയാക്കുന്ന വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നവർ രാജ്യത്തിന്റെ ഉത്തമ പൊതുതാല്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവരും ആർ.ടി.ഐ നിയമത്തിന്റെ ശത്രുക്കളുമാണെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ. ഹക്കീം പറഞ്ഞു.

ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലെ വിവരങ്ങൾ ലഭ്യമാക്കുന്ന ഉദ്യോഗസ്ഥർ പ്രതിഫലം പറ്റാതെ രാജ്യസേവനം ചെയ്യുന്നവരാണ്. അവരെ ശത്രുപക്ഷത്ത് കണ്ട് നിരന്തരം അപേക്ഷകൾ സമർപ്പിച്ച് അസ്വസ്ഥത ഉണ്ടാക്കുന്നവർ വിവരാവകാശ നിയമത്തിന്റെ പവിത്രത നശിപ്പിക്കുന്നവരാണ്. ഒരു ഓഫീസിന്റെ പ്രവർത്തനത്തിന്റെ കൂടുതൽ സമയവും വിവരാവകാശ മറുപടികൾ എഴുതാൻ വേണ്ടി വിനിയോഗിക്കേണ്ട സാഹചര്യം സൃഷ്ടിച്ചാൽ അത്തരം അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിവരാവകാശ അപേക്ഷകരെ ഉദ്യോഗസ്ഥകർ ശത്രുക്കളായി കാണരുത്. അവരുടെ ആവശ്യങ്ങളോട് ജനപക്ഷ സമീപനം സ്വീകരിച്ച് കൃത്യമായ മറുപടി നൽകണം. ആർ.ടി.ഐ നിയമം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ആദ്യ അപേക്ഷക്ക് കൃത്യമായി മറുപടി നൽകാത്ത സന്ദർഭത്തിൽ ഒന്നാം അപ്പീൽ അധികാരികൾ ഇടപെട്ട് കേസുകൾ തീർപ്പാക്കണം. വിവരാവകാശ കമീഷനിലേക്ക് രണ്ടാം അപ്പീലുമായി അപേക്ഷകർ വരുന്ന പ്രവണത ഒഴിവാക്കാൻ ഒന്നാം അപ്പീൽ അധികാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂർ ആർ.ഡി ഓഫീസിൽ മുതുകുളം വില്ലേജിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ ആർ.ഡി.ഒ നേരിട്ട് ഇടപെട്ട് വിവരം ലഭ്യമാക്കണം. കായംകുളം നഗരസഭയിൽ ടെർമിനൽ ബസ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരന് ജാമ്യത്തുക നൽകാത്തത് സംബന്ധിച്ച ഫയൽ കാണാതെ പോയ സാഹചര്യത്തിൽ ഉത്തരവാദികളായ ഓഫീസർമാരുടെ പേര് വിവരങ്ങൾ സെക്രട്ടറി മൂന്നു ദിവസത്തിനകം സമർപ്പിക്കണം.

അത്തരം ഉദ്യോഗസ്ഥരെ സർവീസ് ചട്ടങ്ങൾ പ്രകാരം ശിക്ഷിക്കും. നോട്ടീസ് ലഭിച്ചിട്ടും ഹിയറിങ്ങിന് ഹാജരാകാതിരുന്ന പാലമേൽ പഞ്ചായത്ത് സെക്രട്ടറി മേയ് ഒമ്പതിന് രാവിലെ 11 ന് കോഴിക്കോട് കലക്ടറേറ്റിൽ കമീഷൻ സിറ്റിങ്ങിൽ ഹാജരാകണം. കയർഫെഡ് മാനേജിംഗ് ഡയറക്ടറും വിവരാധികാരിയും ഈ മാസം ഏഴിന് തിരുവനന്തപുരത്ത് എത്തി കമ്മിഷനെ ചേംബറിൽ കാണണം.

കായംകുളം പൊലീസിലെ ജനറൽ ഡയറിയിലെ ഒരു മാസത്തെ വിവരങ്ങൾ ഒന്നിച്ച് ആവശ്യപ്പെട്ടത് നിഷേധിച്ച നടപടി കമീഷൻ ശരിവച്ചു. ഹർജി കക്ഷിക്ക് നേരിട്ടെത്തി ആവശ്യമായ ഭാഗങ്ങൾ കാണാൻ അനുവദിച്ച് ഉത്തരവായി. സിറ്റിങ്ങില്‍ പരിഗണിച്ച 16 കേസിൽ 13 എണ്ണം തീർപ്പാക്കിയാതായും വിവരാവകാശ കമീഷണർ അറിയിച്ചു. 

Tags:    
News Summary - Those who misuse the Right to Information Act are enemies of public interest - Right to Information Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.