കായംകുളം: സി.പി.എമ്മിൽ നടപടിക്ക് വിധേയമായവർ കൂട്ടായ നീക്കം നടത്താനായി രഹസ്യ യോഗം ചേർന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. നടപടി നേരിട്ടവരും അനുകൂലിക്കുന്നവരുമാണ് യോഗം ചേർന്നത്. സി.പി.ഐയിലേക്ക് പോകാനുള്ള ഇവരുടെ നീക്കം സി.പി.എം നേതൃത്വം ഇടപെട്ട് തടഞ്ഞതോടെ ബദൽ സാധ്യതകൾ തേടുകയാണെന്നാണ് അറിയുന്നത്. ഏറ്റവും ഒടുവിൽ പുള്ളികണക്കിലുണ്ടായ നടപടിയാണ് നേതൃത്വത്തിനെതിരെ പരസ്യ പോർമുഖം തുറക്കാൻ കാരണമായത്.
ലോക്കൽ കമ്മിറ്റി അംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായിരുന്ന രാജേന്ദ്രൻ, ഷാം എന്നിവരാണ് ഇവിടെ നടപടിക്ക് വിധേയരായത്. പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകളും തെറ്റുകളും ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുന്ന സമീപനം നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. പിന്നാക്ക-പട്ടികജാതി വിഭാഗക്കാർക്കെതിരെ ബോധപൂർവ നടപടികളുണ്ടാകുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നടപടികളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ദേവികുളങ്ങര, കണ്ടല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ സി.പി.ഐ നേതൃത്വവുമായി ധാരണ രൂപപ്പെടുത്തിയതായും അറിയുന്നു. എന്നാൽ, മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാകരുതെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശമാണ് പാർട്ടി പ്രവേശനത്തിന് വിലങ്ങുതടിയാകുന്നതെന്നാണ് അറിയുന്നത്. ഏതായാലും വരുംദിവസങ്ങളിൽ വിഷയം കൂടുതൽ ചർച്ചയാകുമെന്നാണ് സൂചന. അതിനിടെ കായംകുളത്ത് 200 പേർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേരുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരത്തിൽ ആരും സി.പി.ഐയെ സമീപിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഇരു പാർട്ടികളെയും അകറ്റുന്നതിനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറയുന്നു. സി.പി.എം ഇടപെടലാണ് ആഞ്ചലോസ് പ്രസ്താവനയുമായി രംഗത്തെത്താൻ കാരണമെന്ന് കായംകുളത്തെ വിമതർ പറയുന്നു. നേരത്തെ കുട്ടനാട്ടിൽ പാർട്ടി വിട്ടവരെ കൂട്ടത്തോടെ സി.പി.ഐ സ്വീകരിച്ചിരുന്നു. ഇതിനെതിരായ സി.പി.എം എതിർപ്പ് അവഗണിച്ചാണ് സി.പി.ഐ എല്ലാവരെയും സ്വീകരിച്ചത്.
അതേസമയം, ചേർത്തലയിൽ പാർട്ടിയിൽനിന്ന് അകന്നവരെ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി മടക്കിക്കൊണ്ടുവരാൻ സി.പി.എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചെങ്കിലും ഏരിയ നേതൃത്വം എതിർപ്പ് തുടരുന്നതിനാൽ തീരുമാനം നടപ്പായില്ല. പാർട്ടിയിൽനിന്നു നടപടിയെടുത്ത മുൻനിര നേതാവിനെയടക്കം തിരിച്ചെടുക്കാനാണ് സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരം ജില്ല നേതൃത്വം തീരുമാനിച്ചത്. നടപടിയെടുത്തു പുറത്താക്കിയവരെ പാർട്ടിയിലേക്കു തിരിച്ചെടുക്കേണ്ടതില്ലെന്നാണ് സി.പി.എം ഏരിയ കമ്മിറ്റിയോഗം നിലപാടെടുത്തത്. ചേർത്തല ടൗൺഈസ്റ്റ്, എക്സ്-റേ ലോക്കൽ കമ്മിറ്റികളിൽനിന്നു പാർട്ടിവിട്ട 58 പേരെ തിരിച്ചെടുക്കാനാണ് നീക്കം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.