വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല -ഹൈകോടതി

കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈകോടതി. ഇത്തരം വിവാഹങ്ങൾ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, വിദേശത്ത് വിവാഹിതരായ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികൾക്ക് വിദേശത്തേക്ക് പോകാതെ തന്നെ ഓൺലൈൻ വഴി ഫോറിൻ മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് സി.എസ്. ഡയസ് അനുമതി നൽകി. തൃശൂർ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യൻ യുവതിയായ ഭാര്യ മാഡിയ സുഹർകയും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

2014ൽ ഇന്തോനേഷ്യയിൽ വിവാഹിതരായ ഇവർ നിലവിൽ തൃശൂരിലാണ് താമസം. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇന്ത്യയിൽ വിവാഹം നടത്താത്തതിനാൽ സ്പെഷൽ മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്ത് നടന്ന വിവാഹമായതിനാൽ ഫോറിൻ മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി.

ഹരജിക്കാരുടെ വിവാഹ സർട്ടിഫിക്കറ്റ് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി അറ്റസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫോറിൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഓൺലൈനിൽ ഇതിന് കോടതി അവസരം നൽകിയത്. ഇതിനാവശ്യമായ സഹായം ചെയ്തുനൽകാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകി.

Tags:    
News Summary - Those married abroad cannot register their marriage in India under the Special Marriage Act - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.