പ്രതിപക്ഷ നേതാവിന്‍റെ പത്രസമ്മേളനങ്ങൾ സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നം -തോമസ് ഐസക്

ആലപ്പുഴ: സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്‍റെ പത്രസമ്മേളനങ്ങളെന്ന് മന്ത്രി തോമസ് ഐസക്. നുണകൾ ആവർത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാർഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാക്കണോയെന്നും ഐസക് ചോദിക്കുന്നു.

കെ.എസ്.ഇ.ബി അദാനിയില്‍നിന്ന് നേരിട്ടു വൈദ്യുതി വാങ്ങുന്നതായ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം നുണയാണെന്ന് ഐസക് പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലെ അടിയന്തരാവശ്യം നേരിടാൻ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി തീരുമാനിച്ചു. അതിന് DEEP എന്ന പോർട്ടൽ വഴി ലേലം വിളിച്ചു. ആ ടെൻഡറിൽ ഏറ്റവും കുറച്ച് ക്വോട്ടു ചെയ്തത് ജി.എം.ആർ എനർജി ട്രേഡിങ് ലിമിറ്റഡ്. രണ്ടാംസ്ഥാനത്ത് അദാനി എന്‍റർപ്രൈസസ്, മൂന്നാം സ്ഥാനത്ത് പി.ടി.സി ഇന്ത്യാ ലിമിറ്റഡ്. അവർക്കു മൂന്നുപേർക്കും ലെറ്റർ ഓഫ് അവാർഡ് നൽകാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. രാജ്യത്ത് നിലവിലുള്ള നിയമവും കീഴ്വഴക്കങ്ങളും മാനദണ്ഡങ്ങളുമൊക്കെ പാലിച്ചു തന്നെയാണ് ഇതൊക്കെ ചെയ്തതെന്നും ഐസക് പറയുന്നു.

ഒഴിഞ്ഞു മാറിയും ഉരുണ്ടു കളിച്ചും പറഞ്ഞതു വിഴുങ്ങിയും ശവാസനവും ശീർഷാസനവും സമാസമം പയറ്റിയും നുണയുടെ കളരി അടക്കി വാഴുകയാണ് പ്രതിപക്ഷ നേതാവ്. രണ്ടും കൽപ്പിച്ചുള്ള ഈ അഭ്യാസം തന്നെ എവിടെയെങ്കിലുമെത്തിക്കുമെന്ന് അദ്ദേഹം ആത്മാർഥമായും വിശ്വസിക്കുന്നുണ്ടാകാം. ഏതായാലും രണ്ടു ദിവസം കൂടി ഈ ഫാക്ടറി പ്രവർത്തനം കേരളം സഹിക്കേണ്ടി വരും -തോമസ് ഐസക് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

തോമസ് ഐസകിന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...

Full View

Tags:    
News Summary - thomas issacs sharp criticism on ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.