ടോളും ഫീസും ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളാതെ ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപവത്കരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ (കിഫ്ബി) പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള വ്യവസ്ഥകളടങ്ങിയ ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബില്‍ ഭാവിയില്‍ ടോളുകളും യൂസര്‍ ഫീസുകളും ഈടാക്കുന്നതിനുള്ള സാധ്യത തുറന്നിടുന്നതാണ്.

ബില്‍ പാസായതോടെ സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സ് അസാധുവായി. മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിങ് ബോഡിയും ധനമന്ത്രി ചെയര്‍മാനായ എക്സിക്യൂട്ടിവ് സമിതിയും കിഫ്ബിക്ക് നേതൃത്വം നല്‍കുമെന്ന് ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.

രണ്ടുപേരും ഒഴികെയുള്ള അംഗങ്ങള്‍ പ്രഫഷണലുകളോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ആയിരിക്കും. ഗവേണിങ് ബോഡി വര്‍ഷത്തില്‍ രണ്ടുതവണയും എക്സിക്യൂട്ടിവ് കമ്മിറ്റി രണ്ടാഴ്ചതോറും യോഗം ചേരുമെന്നും വ്യവസ്ഥ ചെയ്യുന്നു.

കിഫ്ബി ബോര്‍ഡ് യോഗത്തിനുള്ള ക്വാറം തികയാന്‍ എട്ടംഗങ്ങള്‍ വേണമെന്ന് തിരുത്തല്‍ വരുത്തിയിട്ടുണ്ട്. നേരത്തെ ഇത് ആറായിരുന്നു. ഇതിനുപുറമെ ക്വാറം തികയാന്‍ ഒരു സ്വതന്ത്രഅംഗം നിര്‍ബന്ധമായും ഉണ്ടാകണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

പുതിയ ഭരണസംവിധാനത്തില്‍ ഫിഡലിറ്റി ട്രസ്റ്റ് ബോര്‍ഡും വ്യവസ്ഥ ചെയ്യുന്നു. കിഫ്ബി വഴി ശേഖരിക്കുന്ന ഫണ്ട് പ്രഖ്യാപിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് സാക്ഷ്യപ്പെടുത്തുന്ന സമിതിയായിരിക്കുമിത്. വര്‍ഷത്തില്‍ രണ്ടുതവണ ബോര്‍ഡ് ഇത്തരത്തില്‍ സാക്ഷ്യപത്രം പുറപ്പെടുവിക്കും.

മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനംവരെയും പെട്രോള്‍ സെസും അതത് വര്‍ഷം കിഫ്ബിക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. 23 മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളും സാമൂഹികസേവന പ്രവര്‍ത്തനങ്ങളുമടക്കമുള്ളവക്ക് കിഫ്ബി വഴി ധനസമാഹരണം നടത്തുകയാണ് ലക്ഷ്യം.
പത്തോളം വികസന കരാര്‍ മാതൃകകളാണ് ബില്ലില്‍ പ്രതിപാദിക്കുന്നത്.

കെ.എം. മാണിയും എം. ഉമ്മറും ബില്‍ അവതരണത്തിനെതിരെ ക്രമപ്രശ്നം ഉന്നയിച്ചു. സംസ്ഥാന ബജറ്റിനെ മറികടന്നും നിയമസഭയെ നോക്കുകുത്തിയാക്കിയും കിഫ്ബി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ളെന്ന് വിയോജനക്കുറിപ്പ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി. സതീശനും ചൂണ്ടിക്കാട്ടി.

കിഫ്ബിയിലെ നിക്ഷേപനിധിയില്‍ ലഭിക്കുന്ന മോട്ടോര്‍ വാഹന നികുതിയുടെയും പെട്രോള്‍ സെസിന്‍െറയും വിഹിതം ചെലവാക്കിയത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ചചെയ്യുന്നതിനോ സഭക്ക് പരിശോധിക്കുന്നതിനോ വ്യവസ്ഥയില്ളെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രഫ. എന്‍. ജയരാജ്, പി.കെ. ശശി, ഐ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു.

 

Tags:    
News Summary - thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.