ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പള്‍സര്‍ സുനി ഉൾപ്പെടെ ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികളെയും 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. പ്രതികള്‍ ഗൂഢാലോചനയുടെ തുടര്‍ച്ചയായി കൂട്ടായാണ് കുറ്റകൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കിയതെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ എറണാകുളം വേങ്ങൂര്‍ വെസ്റ്റ് എളമ്പകപ്പിള്ളി നെടുവിലെക്കുടി വീട്ടില്‍ സുനില്‍ എന്‍.എസ്. എന്ന പള്‍സര്‍ സുനി (37), തൃശൂര്‍ കൊരട്ടി തിരുമുടിക്കുന്ന് പുതുശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (33), എറണാകുളം തമ്മനം എ.കെ.ജി നഗര്‍ മണപ്പാട്ടിപ്പറമ്പില്‍ വീട്ടില്‍ ബി. മണികണ്ഠന്‍ (36), കണ്ണൂര്‍ തലശ്ശേരി പൊന്ന്യം ചുണ്ടകപൊയ്യില്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജീഷ് (38), എറണാകുളം ഇടപ്പള്ളി കുന്നുംപുറം പളിക്കപ്പറമ്പില്‍ വീട്ടില്‍ എച്ച്. സലിം എന്ന വടിവാള്‍ സലിം (29), പത്തനംതിട്ട തിരുവല്ല ചാത്തന്‍കിരി പഴയനിലത്തില്‍ വീട്ടില്‍ പ്രദീപ് (31) എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രതികള്‍ക്ക് 20 വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാവും. തടവുശിക്ഷക്ക് പുറമെ ഒന്നാംപ്രതി 3,25,000 രൂപയും രണ്ടാംപ്രതി 1,50,000 രൂപയും മൂന്ന് മുതല്‍ ആറ് വരെ പ്രതികള്‍ 1,25,000 രൂപ വീതവും പിഴ അടക്കാനും നിര്‍ദേശമുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അധികതടവ് അനുഭവിക്കണം. പിഴയില്‍നിന്ന് അതിജീവിതക്ക് അഞ്ചുലക്ഷം രൂപ നൽകണം. തൊണ്ടിമുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെനല്‍കാനും ഉത്തരവിട്ടു.

ഈ മോതിരം കാണുന്ന രീതിയിലാണ് കൂട്ടബലാല്‍സംഗം നടന്ന ദിവസം പ്രതികള്‍ അതിജീവിതയുടെ വിഡിയോ ചിത്രീകരിച്ചത്. പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി 20 വര്‍ഷം കഠിനതടവ് വിധിക്കുകയായിരുന്നു.

ജയിലില്‍കിടന്ന കാലയളവ് ശിക്ഷ ഇളവ് ചെയ്യും

പ്രതികളില്‍നിന്ന് പിടിച്ചെടുത്ത പെന്‍ഡ്രൈവ് അപ്പീല്‍ തീര്‍പ്പാകുംവരെ അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. പ്രതികള്‍ ഇതുവരെ ജയിലില്‍കിടന്ന കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ചെയ്യും. ആറ് പ്രതികളെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് നിര്‍ദേശം.

ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം അതിജീവിതയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. കോടതി ഒരിക്കലും വികാരങ്ങള്‍ക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല. അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെത്തന്നെ ചോദ്യംചെയ്യുന്ന തരത്തിലുള്ളതായിരുന്നെന്ന വസ്തുത പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാംപ്രതി ഒഴികെ ഉള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിച്ചു. 40 വയസ്സില്‍ താഴെയാണ് ആറ് പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നതാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് 20 വര്‍ഷം തടവ് വിധിച്ചത്.

Tags:    
News Summary - Actress assault case: Six accused sentenced to 20 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.