തോമസ് ഐസക് ബുധനാഴ്ച വരെ ഇ.ഡിക്ക് മുമ്പിൽ ഹാജരാകേണ്ടെന്ന് ഹൈകോടതി

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്ക് ബുധനാഴ്ച വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് ഹൈകോടതി. തോമസ് ഐസക് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹരജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.

തോമസ് ഐസക്കിന്‍റെ സ്വകാര്യതെ മാനിക്കണമെന്ന് ഹൈകോടതി ഇ.ഡിക്ക് നിർദേശം നൽകി. അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടീസ് നൽകി വിളിപ്പിച്ചതെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. അദ്ദേഹം സാക്ഷിയാണെന്നും തെളിവ് തേടാനാണ് വിളിപ്പിച്ചതെന്നും ഇ.ഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ആരോപണം. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി. തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന നിലപാടാണ് ഐസക്കും സി.പി.എമ്മും സ്വീകരിച്ചത്.

ഇ.ഡി തനിക്കയച്ച രണ്ടു നോട്ടീസിലും ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇ.ഡിയുടെ സമൻസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് തോമസ് ഐസക്ക് ഹൈകോടതിയെ സമീപിച്ചത്. ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കിഫ്ബി രേഖകളുടെ ഉടമ സർക്കാറായതിനാൽ അതുസംബന്ധിച്ച് തനിക്ക് മറുപടി നൽകാൻ കഴിയില്ല. തന്‍റെ സമ്പാദ്യം സംബന്ധിച്ച വിവരം പൊതുസമൂഹത്തിനു മുന്നിലുണ്ടെന്നും വ്യക്തമാക്കിയാണ് മറുപടി.

നേരത്തെ, ഇ.ഡി മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വവും ഐസക്കിന് നിർദേശം നൽകിയിരുന്നു. രേഖാമൂലം വിശദീകരണം നൽകാനാണ് നേതൃത്വം ഐസക്കിനോട് നിർദേശിച്ചത്. സി.പി.എമ്മിന് ലഭിച്ച നിയമോപദേശവും സമാനമായിരുന്നു. ഇതുപ്രകാരം ഐസക് തന്‍റെ മറുപടി ഇ-മെയിൽ വഴി നൽകിയത്.

Tags:    
News Summary - Thomas Isaac not to appear before ED till Wednesday -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.