ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ ഒരു മേൽകൈയാണ് ഞാൻ കാണുന്നത്. അതിന് രണ്ട് പ്രധാനപ്പെട്ട കാരണങ്ങളുണ്ട്. ഒന്ന് ഭരണവിരുദ്ധ വികാരമാണ്. അത് തീർച്ചയായും യു.ഡി.എഫിന് അനുകൂല സാഹചര്യമൊരുക്കും. ന്യൂനപക്ഷങ്ങൾക്കിടയിൽ യു.ഡി.എഫിന് അനുകൂലമായ ഏകീകരണമാണ് രണ്ടാമത്തേത്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം-അത് മുസ്ലിമായാലും ക്രൈസ്തവ വിഭാഗമായായാലും -ഒരു പ്രാവശ്യം കൂടി യു.ഡി.എഫ് അധികാരത്തിന് പുറത്തു നിൽക്കുകയാണെങ്കിൽ ആ രാഷ്ട്രീയ ശൂന്യത മുതലാക്കി ബി.ജെ.പി കടന്നുവരുമെന്ന് വളരെ ന്യായമായ രാഷ്ട്രീയ ആശങ്കയുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടി ന്യൂനപക്ഷ വോട്ടുകൾ തീർച്ചയായും യു.ഡി.എഫിലേക്ക് പോകാനാണ് സാധ്യത. യു.ഡി.എഫിനെ പിന്തുണക്കാനുള്ള ന്യൂനപക്ഷങ്ങളുടെ ഈ നിലപാട് ‘വർഗീയ ധ്രുവീകരണം’ എന്നൊന്നും വിലയിരുത്താനേ കഴിയില്ല. അവരെ സംബന്ധിച്ച് ഇത് നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പ്രശ്നമാണ്.
കേരളത്തിൽ യു.ഡി.എഫ് മൂന്നാമതും അധികാരത്തിന് പുറത്താകുന്നത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നതും ഇതിനോട് ചേർത്തുകാണണം. 45 ശതമാനത്തിലധികം ന്യൂനപക്ഷങ്ങളുള്ള ഒരു സംസ്ഥാനത്ത് കോൺഗ്രസിന് തുടർച്ചായായി മൂന്നാമതും അധികാരത്തിൽ വരാൻ സാധിക്കുന്നില്ല എന്നത് അഖിലേന്ത്യ തലത്തിൽ ബി.ജെ.പിക്കെതിരായിട്ടുള്ള കോൺഗ്രസിന്റെ മുന്നേറ്റ ശക്തിയെ ക്ഷയിപ്പിക്കാൻ പോന്നതാണ്. മാത്രമല്ല, ഇത് അഖിലേന്ത്യ തലത്തിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ നീക്കത്തിന്റെയും മുനയൊടിക്കും.
കോൺഗ്രസിനെ പോലെ അഖിലേന്ത്യ തലത്തിൽ ബി.ജെ.പിയെ എതിർക്കാനുള്ള ശക്തി ഇടതുപക്ഷത്തിനില്ല. സി.പി.എമ്മിന്റെ ശക്തിദുർഗ്ഗങ്ങളായിരുന്ന ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടു. ഇപ്പോൾ കേരളത്തിൽ മാത്രമേ സി.പി.എമ്മിന് അധികാരവും രാഷ്ട്രീയ സ്വാധീന ശേഷിയുമുള്ളൂ. പക്ഷേ അഖിലേന്ത്യ പാർട്ടി എന്ന രീതിയിൽ ഇപ്പോഴും ബി.ജെ.പിയെ എതിർക്കാനുള്ള ശക്തിയുള്ളത് കോൺഗ്രസിനാണ്. ഈ പശ്ചാത്തലത്തിൽ ഇവിടെ കോൺഗ്രസ് വീണ്ടും തോൽക്കുന്നതിലൂടെ സംഭവിക്കുക, അഖിലേന്ത്യ തലത്തിൽ തന്നെ ബി.ജെ.പിക്ക് എതിരായിട്ടുള്ള ശക്തി ദുർബലമാവുകയാണ്.
കോൺഗ്രസ് വിമുക്ത ഭാരതം എന്ന് ബി.ജെ.പി പറയുന്നതിന്റെ പ്രധാനപ്പെട്ട കാര്യവും ഇതാണ്. കോൺഗ്രസിനെ ഇവിടെ ഇല്ലാതാക്കിയാൽ അത് അഖിലേന്ത്യ തലത്തിൽ ബി.ജെ.പിക്ക് വളരെ വലിയ അഡ്വാന്റേജാണ് നൽകുക. ഇതെല്ലാമാണ് ന്യൂനപക്ഷ വോട്ടുകളുടെയടക്കം ഗതിനിർണ്ണയിക്കുന്ന സാഹചര്യങ്ങൾ.
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വേണം. രണ്ട് കൂട്ടരുടെയും രാഷ്ട്രീയശക്തി ക്ഷയിക്കാൻ പാടില്ല. രണ്ട് കൂട്ടരെയും മാറിമാറി ഭരണമേൽപ്പിക്കുക എന്നതാണ് ജാതിമത പരിഗണനങ്ങൾക്കപ്പുറം മലയാളിയുടെ പൊതു സമീപനം. ബി.ജെ.പിക്ക് എതിരായുള്ള ഒരു ബാലൻസിങ് ഫാക്റാണ് ഈ രണ്ട് കൂട്ടരും മാറി മാറി അധികാരത്തിൽ വരുന്നത്.
അങ്ങനെയൊരു ‘മലയാളി രാഷ്ട്രീയ ബോധം’ കൊണ്ടാണ് ഇവിടെ ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ കഴിയാത്തതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.