തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനമില്ല; സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, കാപ്പ കേസ് ഉയർത്തിയതിനെ ബി.ജെ.പി ചോദ്യം ചെയ്യുമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി. മുരളീധരൻ എം.എൽ.എ. ബി.ജെ.പി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സി.പി.എമ്മിനും കോൺഗ്രസിനും. ആർ. സുഗതനെതിരെ കാപ്പ കേസ് ഉയർത്തിയതിനെ ബി.ജെ.പി ചോദ്യം ചെയ്യും. സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടിയാണ്. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ കേസിൽ പെടുത്തി ജയിലിൽ ഇടുക എന്നുള്ളത് സി.പി.എം സമീപനമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത കൗൺസിലറാണ് ആർ. സുഗതനെന്നും വി. മുരളീധരൻ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കിയിരുന്നു. ജയിലിലായ സുഗതൻ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്‍റെ നീക്കം. പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയിൽ സർക്കാറും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബി.ജെ.പി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈശ്വര നാമത്തിലാണ് 19 പേർ മേയർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തത്. 26ന് ചേരുന്ന കൗൺസിൽ യോഗത്തിൽ സി.പി.എമ്മും കോൺഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മേയറുടെ അതിവേ​ഗ നീക്കങ്ങൾ. 20 പേരിൽ 19 പേരും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പ്രതിസന്ധി മറികടന്നു.

കാപ്പ കേസിൽ ജയിലുള്ള വഴോട്ട് കോണം അംഗം ആർ. സുഗതൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതി സമീപിക്കാനാണ് ബി.ജെ.പിയുടെ ആലോചന. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബി.ജെ.പി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

വട്ടിയൂർക്കാവ് പൊലിസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019 ആഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫിസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2ന് അന്ന് എം.എൽ.എ ആയിരുന്ന വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബി.ജെ.പി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.

Tags:    
News Summary - There is no administrative gridlock in the Thiruvananthapuram Municipality; Cases against Sugathan are fake creations of the police, BJP will question the raising of the Kappa case, says V. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.