തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് ഡോ. സുനിൽകുമാർ പ്രിൻസിപ്പലിന് കത്ത് നൽകി. ന്യൂറോ സർജനായ തനിക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് ആവശ്യം. തിങ്കളാഴ്ചക്കുശേഷം ചുമതലയിൽ ഉണ്ടാകില്ലെന്നാണ് പ്രിൻസിപ്പൽ പി.കെ. ജബ്ബാറിന് നൽകിയ കത്തിൽ പറയുന്നത്.
ശസ്ത്രക്രിയ പ്രതിസന്ധിയെക്കുറിച്ച യൂറോളജി മേധാവി ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലും പിന്നാലെയുള്ള സൂപ്രണ്ട് പങ്കെടുത്ത വാർത്തസമ്മേളനവും ഏറെ വിവാദമായിരുന്നു. ഡോക്ടർമാർക്കിടയിലും സൂപ്രണ്ടിനെതിരെ വിമർശനങ്ങളുയർന്നു. അടിക്കടിയുണ്ടാകുന്ന വിവാദങ്ങൾ തലവേദനയായതോടെയാണ് സ്ഥാനം ഒഴിയുന്നതെന്നാണ് വിവരം.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണമില്ലാത്തതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ മാറ്റിവെച്ചു. യൂറോളജി വകുപ്പിൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് മാറ്റിവച്ചത്. ഉപകരണം എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന്മെ ഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
രോഗികളിൽ നിന്ന് പണം പിരിവെടുത്ത് ഉപകരണം വാങ്ങി ശസ്ത്രക്രിയ നടത്തരുതെന്നും ഉപകരണമില്ലെങ്കിൽ മോൽ അധികാരികളെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തുടർന്നും ഉപകരണങ്ങളുടെ അഭാവംമൂലം ശസ്ത്രക്രിയ മാറ്റിവെക്കുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.