ബൈജൂസിന്‍റെ തിരുവനന്തപുരം ഡെവലപ്മെന്‍റ് സെന്‍റർ തുടരും: തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ

തിരുവനന്തപുരം: വിദ്യാഭ്യാസ ആപ്പ് കമ്പനിയായ ബൈജൂസിന്‍റെ തിരുവനന്തപുരം ടെക്നോപാർക്കിലെ ഡെവലപ്മെന്‍റ് സെന്‍റർ തുടരാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

ബൈജൂസിന്റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബംഗളൂരു ഓഫീസിലേക്ക് മാറാനുള്ള അവസരം നൽകിയിരുന്നു. മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കി.

ഡെവലപ്മെന്‍റ് സെന്ററിലെ 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃക്രമീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്‍ററിന്റെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരത്തെ സെന്‍റിറിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാനാണ് തീരുമാനം. തന്‍റെ വേരുകൾ കേരളത്തിലാണെന്നും ബൈജു വ്യക്തമാക്കി.

കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങളിൽ തുടർന്നും ബൈജൂസിന്‍റെ സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരും.

Tags:    
News Summary - Thiruvananthapuram Development Center of Byjus will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.