8 മിനിട്ടിൽ എങ്ങനെ ഓടിയിറങ്ങും? വിമാനത്താവളത്തിൽ പാർക്കിങ്ങിൽ പകൽക്കൊള്ള

തിരുവനന്തപുരം: പാർക്കിങ്ങിന്‍റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പകൽക്കൊള്ള. ഒരു വാഹനത്തിന് യാത്രക്കാരെ ഇറക്കാനോ കയറ്റാനോ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ച് തിരികെയിറങ്ങുവാൻ സൗജന്യമായി അനുവദിച്ചിട്ടുള്ള സമയം നിലവിലെ പത്ത് മിനിറ്റിൽ നിന്ന് എട്ട് മിനിറ്റായി വെട്ടിക്കുറച്ചു. മാത്രമല്ല, സൗജന്യ സമയപരിധിക്ക് ശേഷം വാങ്ങിയിരുന്ന 100 രൂപയെന്നത് 150 ആയി വർധിപ്പിക്കുകയും ചെയ്തു. ഈ മാസം ഒന്നു മുതലാണ് പുതിയ ക്രമീകരണം നിലവിൽ വന്നത്.

നേരത്തെയുണ്ടായിരുന്ന പത്ത് മിനിറ്റ് സമയത്തിൽ പോലും അധിക വാഹനങ്ങൾക്കും യാത്രക്കാരെയിറക്കി പുറത്തേക്കുള്ള കവാടത്തിൽ ഓടിയെത്താനാകാത്ത സാഹചര്യമാണ്. ഈ ഘട്ടത്തിൽ അതിൽ തന്നെ രണ്ട് മിനിറ്റ് കൂടി വെട്ടിക്കുറച്ചതോടെ വാഹനങ്ങളെല്ലാം പാർക്കിങ് ഫീസ് നൽകേണ്ട സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫലത്തിൽ സൗജന്യമെന്നത് കണ്ണിൽ പൊടിയിടലും പകൽക്കൊള്ളയ്ക്കുള്ള മറയുമാവുകയാണ്. കൃത്യമായി സമയം പാലിച്ചാലും തിരികെ ഇറങ്ങുന്നതിനുള്ള കൗണ്ടറിന് മുന്നിലെ വാഹനങ്ങളുടെ ക്യൂവിൽ പെട്ട് സമയം നഷ്ടപ്പെട്ടാലും ഒരു ഇളവുമുണ്ടാകില്ല. കവാടത്തിനരികെ എത്തിയാലും സമയപരിധിക്കുള്ളിൽ പരിശോധന പോസ്റ്റിലെത്താനായില്ലെങ്കിൽ പണം നൽകണം. എട്ട് മിനിറ്റ് എന്നത് ഒൻപത് ആയാൽ പോലും പണമീടാക്കും.

ഫലത്തിൽ പാർക്കിങ് ഫീസ് എന്നതിനപ്പുറം ‘അപ്രഖ്യാപിത പിഴയാണ്’ വാഹനങ്ങൾ വിധേയമാകുന്നത്. വിമാനത്താവളം അദാനി ഏറ്റെടുത്ത ഘട്ടത്തിൽ അന്നുണ്ടായിരുന്ന എൻട്രിഫീസ് എടുത്തു കളഞ്ഞാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്തിയത്. ‘എൻട്രി ഫീസ് ഒഴിവാക്കി’ എന്ന പേരിൽ വലിയ അവകാശവാദങ്ങളാണ് അധികൃതർ നടത്തിയതും. എന്നാൽ ഫലത്തിൽ സാധാരണക്കാരന്‍റെ പോക്കറ്റ് ചോർത്തുന്ന നടപടിയാണ് പിന്നിൽ ഒളിപ്പിച്ചിരുന്നത്. സൗജന്യമായി തുടരാനുള്ള സമയം ഘട്ടം ഘട്ടമായി കുറച്ചതോടെയാണ് വാഹനങ്ങൾക്ക് ഇരുട്ടടിയായത്. വിമാനത്താവളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ കൗണ്ടറുകൾക്ക് മുന്നിലെ നിരയും കൂടി. പാർക്കിങ് ഫീസ് ഭയന്ന് വിമാനത്താവളത്തിന് പുറത്തെ റോഡിലാണ് യാത്രയാക്കാനെത്തുന്നവരും കൂട്ടാനെത്തുന്നവരും വാഹനം പാർക്ക് ചെയ്യുന്നത്. വിമാനസമയം അടുത്തെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിമാനത്താവളത്തിലേക്ക് കടക്കുന്നത്. സൗജന്യ സമയം വെട്ടിക്കുറച്ചതോടെ ഇനി അത്തരം ബദൽ മാർഗങ്ങളും അപ്രസക്തമായി. വിഷയത്തിൽ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നും, യാഥാർഥ്യത്തിന് നിരക്കാത്ത ഈ സമയപരിധി റദ്ദാക്കി സൗജന്യ സമയം വർദ്ധിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

രണ്ട് വർഷം മുൻപാണ് (2024 ജൂണിൽ) വിമാനത്താവളത്തിലെ സേവന നിരക്കുകൾ കുത്തനെ കൂട്ടിയത്. ഇത് ഓരോ വർഷവും ആനുപാതികമായി വർധിക്കും വിധത്തിലാണ് നിരക്ക് വർധന. 2024 -25 വർഷം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കയറുന്ന ആഭ്യന്തരയാത്രികരുടെ യൂസർ ഡെവലപ്മെന്റ് ഫീസ് 506 രൂപയായിരുന്നത് 770 രൂപയാക്കിയിരുന്നു. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് 840 രൂപയും ഇറങ്ങുന്നവർക്ക് 360 രൂപയുമായി നിരക്ക് വർധിപ്പിച്ചു.

ഈ സാമ്പത്തിക വർഷത്തിൽ ആഭ്യന്തര യാത്രക്കാരുടെ ഫീസ് യഥാക്രമം 910 രൂപയും 390 രൂപയുമാണ്. അന്താരാഷ്ട്ര യാത്രക്കാർക്കും ഇരട്ടപ്രഹരമാണ്. ഓരോ വർഷവും ആഭ്യന്തര യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന താരിഫിന്‍റെ ഇരട്ടിയാണ് അന്താരാഷ്ട്ര യാത്രക്കാർ നൽകേണ്ടി വരുന്നത്. അദാനിയുടെ ചുമതലയിലുള്ള എല്ലാ വിമാനത്താവളങ്ങളിലും പാര്‍ക്കിങ് ഫീസും എന്‍ട്രി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്നുമുള്ള വിശദീകരണമാണ് വിമാനത്താവള അധികൃതര്‍ നൽകുന്നത്. 

പുതിയ നിരക്കുകൾ

  • ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ:
  • 8 മി​നി​റ്റ് വ​രെ 50 രൂ​പ; 30 മി​നി​റ്റ് വ​രെ 50 രൂ​പ; 1 മ​ണി​ക്കൂ​ർ വ​രെ 100 രൂ​പ.
  • ഓ​ട്ടോ​റി​ക്ഷ​ക​ൾ:
  • 8 മി​നി​റ്റ് വ​രെ 50 രൂ​പ; 30 മി​നി​റ്റ് വ​രെ 80 രൂ​പ; 1 മ​ണി​ക്കൂ​ർ വ​രെ 100 രൂ​പ.
  • സ്വ​കാ​ര്യ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ:
  • 8 മി​നി​റ്റ് വ​രെ സൗ​ജ​ന്യം; 30 മി​നി​റ്റ് വ​രെ 150 രൂ​പ; 1 മ​ണി​ക്കൂ​ർ വ​രെ 200 രൂ​പ.
  • കൊ​മേ​ഴ്​​സ്യ​ൽ ഫോ​ർ വീ​ലേ​ഴ്​​സ്​ (ടാ​ക്​​സി ഉ​ൾ​പ്പെ​ടെ):
  • (ഡ്രോ​പ്പ് ഓ​ഫ്): 8 മി​നി​റ്റ് വ​രെ 50 രൂ​പ; 30 മി​നി​റ്റ് വ​രെ 200 രൂ​പ; 1 മ​ണി​ക്കൂ​ർ വ​രെ 300 രൂ​പ.
  • കൊ​മേ​ഴ്​​സ്യ​ൽ ഫോ​ർ വീ​ലേ​ഴ്​​സ്​ (ടാ​ക്​​സി ഉ​ൾ​പ്പെ​ടെ):
  • (പി​ക്ക് അ​പ്പ്): 8 മി​നി​റ്റ് മു​ത​ൽ 30 മി​നി​റ്റ് വ​രെ 180 രൂ​പ; 1 മ​ണി​ക്കൂ​ർ വ​രെ 300 രൂ​പ.
  • ടെ​മ്പോ/​മി​നി​ബ​സ്/​കാ​ര​വ​ൻ:
  • 8 മി​നി​റ്റ് വ​രെ 600 രൂ​പ; 30 മി​നി​റ്റ് വ​രെ 800 രൂ​പ; 1 മ​ണി​ക്കൂ​ർ വ​രെ 1,000 രൂ​പ.
  • ദീ​ർ​ഘ​നേ​ര​ത്തേ​ക്കു​ള്ള പാ​ർ​ക്കി​ങ്​:
  • ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 300 രൂ​പ, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 500 രൂ​പ, നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് 1,000 രൂ​പ.
Tags:    
News Summary - Thiruvananthapuram Airport Parking Fee Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.