റാഫിയക്കായി അരീക്കോട് സുല്ലമുസ്സലാം ഒരുമിക്കുന്നു; സ്റ്റെം ​സെ​ൽ ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് നാ​ളെ രാ​വി​ലെ 7.30 മു​ത​ൽ

അരീക്കോട്: സിവിയർ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച റാഫിയ ഷെറിനായി കൈകോർക്കാനൊരുങ്ങി അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ്. വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, എൻ.എസ്.എസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച ബ്ലഡ് സ്റ്റെം സെൽ ഡോണർ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മഞ്ചേരി ആമയൂർ സ്വദേശിയായ റാഫിയ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. 2017ൽ സുല്ലമുസ്സലാം സയൻസ് കോളജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദപഠനം പൂർത്തിയാക്കിയ റാഫിയ 2019ലാണ് ലണ്ടനിലേക്ക് തിരിച്ചത്. ലങ്കാഷെയർ യൂനിവേഴ്സിറ്റിയിൽനിന്ന് ഇന്റർകൾചറൽ ബിസിനസ് കമ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദം നേടിയശേഷം യു.കെയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് രോഗം കണ്ടെത്തിയത്.

10 ലക്ഷത്തിൽ ഒരാളിൽ മാത്രം കാണുന്ന സിവിയർ അപ്ലാസ്റ്റിക് അനീമിയക്ക് മരുന്ന് കണ്ടെത്തിയിട്ടില്ല. ഏക ചികിത്സാമാർഗം അനുയോജ്യരായവരിൽനിന്ന് രോഗികൾക്ക് സ്റ്റെം സെൽ ട്രാൻസ് പ്ലാന്റ് മാത്രമാണ്. ജില്ലയിൽ രണ്ട് ക്യാമ്പുകൾ നടന്നെങ്കിലും ദാതാവിനെ കണ്ടെത്താൻ സാധിച്ചില്ല. 2026 ഒക്ടോബർ എട്ടിന് 18 വയസ്സ് പൂർത്തിയായവർക്കും 55 വയസ്സ് പൂർത്തിയാകാത്ത നിത്യരോഗികളല്ലാത്ത ആർക്കും ക്യാമ്പിൽ പങ്കെടുക്കാമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖ് പറഞ്ഞു.

മനുഷ്യശരീരത്തിലെ ആവശ്യമായ രക്തകോശങ്ങൾ നിർമിക്കാൻ അസ്ഥിമജ്ജക്ക് കഴിയാതെവരുന്ന രോഗമാണ് അപ്ലാസ്റ്റിക് അനീമിയ. ഇതിന്റെ ഗുരുതര രൂപമാണ് സിവിയർ അപ്ലാസ്റ്റിക് അനീമിയ. ഉചിതമായ മൂലകോശം മാറ്റിവെക്കുകയാണ് രക്ഷാമാർഗം. സ്വന്തം കുടുംബത്തിൽനിന്ന് പോലും പൊരുത്തപ്പെടുന്ന ദാതാവിനെ ലഭിക്കാൻ സാധ്യത കുറവാണ്. അതിനാൽ കൂടുതൽ വൈവിധ്യമുള്ള ആളുകൾ രജിസ്റ്റർ ചെയ്യുന്നത് അനുയോജ്യമായ ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കും. മൂലകോശ ദാതാക്കളുടെ, ലോകത്തിലെ പ്രമുഖ നെറ്റ്‌വർക്കായ ഡി.കെ.എം.എസിന്റെ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ്.

സ്റ്റെം സെൽ ദാനത്തെക്കുറിച്ചും ദാതാവിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ചശേഷം വ്യക്തിഗത വിവരങ്ങളും ആരോഗ്യവിവരങ്ങളും ഉൾപ്പെടുന്ന സമ്മതപത്രം പൂരിപ്പിക്കും. തുടർന്ന് അണുമുക്തമായ സ്വാബ് കവിളിന്റെ ഉൾഭാഗത്ത് ഉരച്ച് കോശസാമ്പ്ൾ ശേഖരിക്കും. രജിസ്ട്രേഷനായി രക്തമെടുക്കുകയോ സൂചി കുത്തുകയോ ചെയ്യേണ്ടതില്ല.

Tags:    
News Summary - College Organizes Stem Cell Drive for Rafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.