മാണി സി. കാപ്പൻ
മാണി സി കാപ്പന് വീണ്ടും തിരിച്ചടി; പിഴത്തുകയിൽ ഇളവ് അനുവദിച്ചില്ല, 20 ശതമാനം തുക കെട്ടിവെക്കണമെന്ന് കോടതി
മുംബൈ: കണ്ണൂർ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസിൽ കീഴ്കോടതി വിധിച്ച പിഴയുടെ 20 ശതമാനം കെട്ടിവെക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മാണി സി. കാപ്പൻ എം.എൽ.എയുടെ അപേക്ഷ സെഷൻസ് കോടതി തള്ളി. നാല് കേസുകളിലായി 5.3 കോടി രൂപ പിഴയും ഒരു വർഷം തടവുമാണ് ബോരിവലി മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി കാപ്പന് വിധിച്ചത്.
ശിക്ഷക്കെതിരെ ദിൻദോഷി സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയ കാപ്പൻ, പിഴയുടെ 20 ശതമാനം കെട്ടിവെക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. എന്നാൽ, അപേക്ഷ തള്ളിയ കോടതി തുക രണ്ടുമാസത്തിനകം തുക കെട്ടിവെക്കാൻ ഉത്തരവിട്ടു. അപ്പീലിൽ വാദം പൂർത്തിയാകുംവരെ ജയിൽ ശിക്ഷ മരവിപ്പിക്കുകയും ചെയ്തു.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 2019ൽ മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് കീഴ്കോടതി ശിക്ഷ വിധിച്ചത്.
അതേസമയം, ചെക്ക് തട്ടിപ്പ് കേസുകളിൽ തടവുശിക്ഷ ലഭിച്ച മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ ഹൈകോടതി, തീരുമാനം നിയമസഭാ സ്പീക്കർക്ക് വിട്ടിരുന്നു. നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനാണ് സ്പീക്കർക്ക് നിർദേശം നൽകിയത്. വിഷയത്തിൽ ഇനി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും, കാപ്പന്റെ എം.എൽ.എ സ്ഥാനം.
പാലാ നിയോജക മണ്ഡലം ഒഴിവുവന്നതായി പ്രഖ്യാപിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നും ഉപതെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ദിനേശ് മേനോൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
മാണി സി. കാപ്പനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇതിനകം തന്നെ സ്പീക്കറുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതിക്ക് പരിമിതികളുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.