സി.പി.എം നേതാവ് പ്രതിയായ പീഡന കേസ് അട്ടിമറിക്കാൻ അണിയറ നീക്കം

തിരുവല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായിരുന്ന വീട്ടമ്മയെ ജ്യൂസ് നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസ് അട്ടിമറിക്കാനുള്ള അണിയറ നീക്കം ശക്തമാകുന്നു. സി.പി.എം രചിച്ച തിരക്കഥക്ക് അനുസരിച്ച് കേസ് ഫ്രെയിം ചെയ്യാനാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് ഒന്നാം പ്രതി സജിമോനെ കേസില്‍ നിന്നൊഴിവാക്കും. രണ്ടാം പ്രതി നസറിനെ മാത്രം അറസ്റ്റ് ചെയ്യും.

ഒന്നാം പ്രതി സജിമോൻ അടക്കം മൂന്നു മുതല്‍ 12 വരെയുള്ള പ്രതികൾക്കെതിരെ സൈബര്‍ തെളിവ് കിട്ടിയാല്‍ മാത്രം അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. വീട്ടമ്മ തിരുവല്ല സി.ഐ മുമ്പാകെ നല്‍കിയ മൊഴി പ്രകാരം സജിമോനും നസറുമാണ് പീഡിപ്പിച്ചതും ദൃശ്യം പകര്‍ത്തിയതും. മൊഴി അട്ടിമറിച്ച് സജിമോനെതിരേ തെളിവില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയായ സജിമോനെ കേസിൽ നിന്നും ഒഴിവാക്കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കുക എന്നതാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

മൂന്ന് വർഷം മുമ്പ് നടന്ന പീഡനകേസില്‍ പ്രതിയാക്കപ്പെട്ട സജിമോനെ ഇപ്പോഴത്തെ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി മുന്‍കൈയെടുത്താണ് പാര്‍ട്ടിയില്‍ തിരികെ കൊണ്ടു വന്നത്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരിക്കേ 2018 ലാണ് സജിമോന്‍ അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഇതേ തുടര്‍ന്ന് പാര്‍ട്ടി നടപടി എടുത്തെങ്കിലും പുറത്താക്കിയില്ല. ഇക്കുറി കോട്ടാലില്‍ ബ്രാഞ്ച് സെക്രട്ടറിയാക്കി. അതിന് ശേഷം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടു വരാന്‍ നോക്കിയെങ്കിലും നടന്നില്ല. അതിനിടെയാണ് ലൈംഗിക പീഡനകേസില്‍ വീണ്ടും പ്രതിയായത്.

സി.പി.എം ജില്ലാ നേതാവിന്റെയും ഏരിയാ സെക്രട്ടറിയുടെയും മാനസപുത്രനാണ് സജിമോന്‍. ഇക്കാരണം കൊണ്ട് തന്നെയാണ് കേസില്‍ നിന്ന് സജിമോനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നത്. സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് ജില്ലാ നേതാവിന്റെ മാനസപുത്രന്‍ രണ്ടാമതും പീഡനകേസില്‍ പ്രതിയായത് സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പരാതിക്കാരിയുടെ മൊഴിയില്‍ പൊലീസ് തിരുത്തല്‍ വരുത്തുമെന്നും സംശയിക്കപ്പെടുന്നു.

 അതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പരാതിക്കാരിയെ മോശക്കാരിയാക്കി സംസാരിച്ചുവെന്ന് സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസിനെതിരേ ആരോപണമുയര്‍ന്നു. പരാതിക്കാരിയെ മോശം സ്ത്രീയെന്ന സൂചന നല്‍കിയും സജിമോനെ പൊതിഞ്ഞു പിടിച്ചുമാണ് ഫ്രാന്‍സിസ് മാധ്യമങ്ങളോട് സംസാരിച്ചത്. യുവതി ഉള്‍പ്പെട്ട വീഡിയോ സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. അതേ സമയം, തുടര്‍ച്ചയായി രണ്ടു ലൈംഗിക പീഡന കേസില്‍ പ്രതിയായ സജിമോനെ ന്യായീകരിക്കുകയും ചെയ്തു. പരാതിക്കാരി കുറ്റക്കാരിയും സജിമോന്‍ നല്ലവനെന്നുമുള്ള ധ്വനിയാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും ഉയരുന്നത്.

Tags:    
News Summary - thiruvalla peedana case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.