കൊച്ചി: വയനാട് തിരുനെല്ലി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ 10 ദിവസത്തേക്ക് തടഞ്ഞ് ഹൈകോടതി. ക്ഷേത്രത്തിന്റെ പൗരാണിക മൂല്യം തകർക്കാതെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പുരാവസ്തു വിദഗ്ധരുൾപ്പെട്ട സമിതിയെ നിരീക്ഷണത്തിന് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നടപടി. കോഴിക്കോട് കുന്ദമംഗലം സ്വദേശി വി. സലീഷ് ആണ് ഹരജി നൽകിയത്.
ഹരജി നൽകുന്നതിന് മുമ്പുതന്നെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ ക്ഷേത്രം സന്ദർശിച്ച് ചിത്രം സഹിതം റിപ്പോർട്ട് നൽകാൻ അഡ്വ. എം.ആർ. അരുൺ കുമാറിനെ അഭിഭാഷക കമീഷനായി നിയോഗിച്ചു. ഇതിനായി കമീഷൻ മേയ് 28ന് ക്ഷേത്രം സന്ദർശിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പുരാവസ്തു മൂല്യമുള്ള ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് പുരാവസ്തു വകുപ്പിന് അറിവില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
മലബാർ ദേവസ്വം ബോർഡും പുരാവസ്തു വകുപ്പും കമീഷന് വേണ്ട സഹായം നൽകണമെന്നും ഉത്തരവിലുണ്ട്. ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസിനെ ഹരജിയിൽ കക്ഷിചേർത്തു. ഹരജി ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.