കൊല്ലം/കുവൈത്ത് സിറ്റി: ദുരിത ജീവിതത്തിൽനിന്ന് മക്കളുടെ ഭാവി ശോഭനമാക്കാൻ കടൽ കടന്നുപോയ ആ അമ്മ ഹൃദയം തകർന്ന് ശനിയാഴ്ച മടങ്ങിയെത്തും. പഠിച്ച് മിടുക്കനാവാൻ കൈപിടിച്ച് എത്തിച്ച സ്കൂൾ മുറ്റത്തുവെച്ചുതന്നെ ജീവൻ പൊലിഞ്ഞ പൊന്നുമകന് അന്ത്യചുംബനമേകാൻ. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മാതാവ് സുജ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കുവൈറ്റിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്. മൂന്നുമാസം മുമ്പ് വീട്ടുജോലിക്കായി കുവൈറ്റിൽ പോയ സുജ, മകന് ദുരന്തമുണ്ടാകുന്ന സമയത്ത് തുർക്കിയിലായിരുന്നു. ജോലിചെയ്യുന്ന വീട്ടിലുള്ളവരുമൊത്ത് ഒരുമാസം മുമ്പ് പോയതായിരുന്നു. മകന്റെ ദാരുണമരണം അറിയിക്കാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയിട്ടും മണിക്കൂറുകളോളം കഴിഞ്ഞിരുന്നില്ല.
ഒടുവിൽ വ്യാഴാഴ്ച രാത്രിയാണ് സുജ വിവരമറിഞ്ഞത്. തുടർന്ന്, വെള്ളിയാഴ്ച കുവൈറ്റിലേക്ക് തിരിച്ചു. ശനിയാഴ്ച പുലർച്ച 01.15നുള്ള ഇൻഡിഗോ വിമാനത്തിലാണ് നാട്ടിലേക്ക് വരുന്നത്. രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നാണ് വിവരം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 10ന് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന്വെക്കും. തുടർന്ന് 12ഓടെ വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സുജ ഉച്ചക്ക് രണ്ടോടെ വീട്ടിലെത്തും. വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.