കോഴിക്കോട്: ഹൃദയവേദനയോടെയാണ് റായ്പൂരിൽ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിൽ കനത്ത അവഗണനയാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ സ്വയം വിട്ടുനിൽക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനറി സമ്മേളനത്തിന് പോകാൻ വിമാനടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരും വിളിച്ചില്ല. എന്നെ വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് പ്രയാസപ്പെട്ട് പോവുന്നതെന്ന് മനസില്‍ തോന്നി. അതുകൊണ്ട് പോയില്ല.
കെ. സുധാകരന് തൊട്ടുമുന്‍പ് പ്രസിഡന്‍റായിരുന്ന ആളാണ് ഞാന്‍. എന്നാൽ പ്രസിഡന്‍റായ ശേഷം ഇന്നുവരെ ഒരു കാര്യത്തിനും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ കെ.പി.സി.സി അംഗമായ അഴിയൂരില്‍നിന്ന് എന്‍റെ ഒഴിവില്‍ മറ്റൊരാളെ വെക്കുമ്പോള്‍ സാമാന്യമര്യാദയുടെ പേരില്‍ എന്‍റെ അഭിപ്രായം തേടേണ്ടതല്ലേ. അതുണ്ടായില്ല. കെ.പി.സി.സി, മണ്ഡലം, ബ്ലോക്ക്, ഡി.സി.സി തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്.
ഇത്രയും അവഗണന നേരിട്ട മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് വേറേ ഉണ്ടാവില്ല. കോഴിക്കോട്ട് ചിന്തന്‍ശിബിരം നടത്തിയപ്പോൾ എന്നോട് ഒരുവാക്കുപോലും ആരും പറഞ്ഞില്ല. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങളൊക്കെ നന്നായി അറിയാം. എങ്കിലും ആരും എന്നെ സഹകരിപ്പിക്കാന്‍ മുന്‍കൈയെടുത്തില്ല. പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം ആകെ ഒരു തവണ മാത്രമാണ് താന്‍ കെ.പി.സി.സി. ഓഫിസില്‍ പോയതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.