സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ല: ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എം.ബി. രാജേഷ്

പാലക്കാട്: സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ നടത്തും. അതില്‍ ആരെയും ഒഴിച്ചുനിര്‍ത്തില്ല. ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

ലഹരി വിവരം അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ എക്‌സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊലീസും ഇതുമായി ബന്ധപ്പെട്ട് നമ്പര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇത്തരം വിവരങ്ങള്‍ ധാരാളം ലഭിക്കുന്നത്. മാർച്ചില്‍ മാത്രം 14000ത്തിലധികം റെയ്ഡാണ് സംയുക്തമായി നടത്തിയിട്ടുള്ളത്. റെയ്ഡ് നടത്താന്‍ കഴിയുന്നത് അത്തരം വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും കിട്ടുന്നതു കൊണ്ടാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടിക്കുക എളുപ്പമല്ലാത്ത കേസുകള്‍ പോലും പിടിക്കാനാകുന്നത്.

ഇത്തരം വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചാലും ഗൗരവത്തോടെ കാണും, ഉദാസീനത ഉണ്ടാകില്ല. എവിടെയാണെങ്കിലും പരിശോധനയുണ്ടാകും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നു എന്ന് വിശ്വസനീയമായ വിവരം ലഭിച്ചാല്‍ അവിടെയും പരിശോധിക്കും. അതൊന്നും പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ലക്ഷത്തി പതിനേഴായിരം വാഹനപരിശോധന മാർച്ചില്‍ നടന്നു. ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്. ഓപറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസും ലഹരിവേട്ട നടത്തുന്നു. സംയുക്തമായും പരിശോധന നടത്തുന്നുണ്ട്. അതിന്റെ മാറ്റം കാണാൻ സാധിക്കുമെന്നും മന്ത്രി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - There is no special sanctity or consideration for a movie set: M.B. Rajesh says drug testing will be conducted everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.