പരപ്പനങ്ങാടി: റേഷൻ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് അനിശ്ചിതകാല സമരം നടത്താൻ ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ബയോമെട്രിക് സംവിധാനം നിലവിൽ വന്ന കാലം മുതൽ ഇ-പോസ് മെഷീൻ ഉപയോഗിച്ചുള്ള റേഷൻ വിതരണം ആരംഭിച്ചെങ്കിലും പരാതികൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിലെ പൊതുവിതരണ സമ്പ്രദായം സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് ജീവിക്കുന്നതിന് ആവശ്യമായ വേതനം നൽകണം.
കേരളത്തിലെ റേഷൻ വ്യാപാരി സംഘടനകൾ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോട് നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും പ്രതികരണം തൃപ്തികരമല്ല. ആറുമാസത്തിനുള്ളിൽ പുനഃപരിശോധിക്കാം എന്ന ഉറപ്പിൽ 45ക്വിന്റൽ വിൽപന നടത്തുന്ന വ്യാപാരികൾക്ക്18000 രൂപ അടിസ്ഥാന വേതനം ലഭിക്കത്തക്കവിധത്തിലുള്ള അപര്യാപ്തമായ ഒരു പാക്കേജാണ് പ്രഖ്യാപിച്ചത്. കടവാടക, സെയിൽസ്മാന്റെ ശമ്പളം, ഇലക്ട്രിസിറ്റി ബില്ല്, മറ്റു ചിലവുകൾ ഇവയെല്ലാം കഴിഞ്ഞു വരുമ്പോൾ വ്യാപാരിക്ക് കാലികടം മാത്രം ബാക്കിയാവുന്ന സാഹചര്യമാണ്. ഇതിനുപുറമെ പരിശോധന നടത്തി വ്യാപാരികൾക്ക് പിഴയടിക്കുന്ന ഉദ്യോഗസ്ഥ പീഡനം സഹിക്കാവുന്നതിലപ്പുറമാണന്നും നേതാക്കൾ പറഞ്ഞു.
ഹൈകോടതി വിധിയുണ്ടായിട്ടുപോലും വാതിൽ പടിയായി മണ്ണെണ്ണ എത്തിച്ചു നൽകുന്ന കാര്യത്തിൽ ഒരു ചർച്ച പോലും സർക്കാർ ഭാഗത്തുനിന്നും നാളിതുവരെയായും ഉണ്ടായിട്ടില്ല. വേതന പാക്കേജ് പരിഷ്കരിക്കുക, റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 7ന് നിയമസഭാ മാർച്ചും, കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ ധർണ സമരവും, നിസ്സഹകരണ സമരവും നടത്താൻ തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ബഷീർ പൂവഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.