തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമപരമായ കാര്യങ്ങളാണ് താൻ ചെയ്യുന്നത്. അവരാണ് നിയമം അനുസരിച്ച് പ്രവർത്തിക്കാത്തതെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്. ആർക്കും പോയി നോക്കാവുന്നതാണ്. താൻ എന്തുകൊണ്ടാണ് വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
ബൃന്ദകാരട്ടിന്റെ പ്രസ്താവന തള്ളിക്കളയുകയാണ്. ഒരു തെരഞ്ഞെടുപ്പില്ലെങ്കിലും ബൃന്ദകാരാട്ട് മത്സരിച്ചിട്ടുണ്ടോയെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. ബി.ജെ.പി ടിക്കറ്റിൽ ഗവർണർ കേരളത്തിൽ നിന്ന് മത്സരിക്കണമെന്ന് ബൃന്ദകാരാട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടായിരുന്നു ഗവർണറുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചിരുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗവർണർ എത്തുമ്പോൾ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോൾ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവർണറെ ഒഴിവാക്കിയിരുന്നതെന്നായിരുന്നു വിശദീകരണം. ഗവർണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.