അങ്കമാലി: പൊലീസിന് ചേരാത്ത പ്രവർത്തനങ്ങളുമായി സേനയിൽ തുടരാമെന്ന ധാരണ ആർക്കും വേണ്ടെന്നും പൊലീസിന്‍റെ ആത്മവീര്യം തകർക്കുന്ന ഒരു നിലപാടും സർക്കാറിൽനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് ഓഫിസേഴ്‌സ് അസോ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അങ്കമാലി അഡ്ലക്സിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെ തകർക്കുന്ന ലഹരിമാഫിയയെ ചെറുത്തുതോൽപിക്കാൻ കർമപദ്ധതികൾ നടപ്പാക്കും. ലഹരി പിടികൂടുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താൻ പലപ്പോഴും സേനക്ക് കഴിയുന്നില്ല. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവിസ് എന്നതാണ് സർക്കാർ ലക്ഷ്യം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറണം. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോ. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷതവഹിച്ചു. റോജി എം.ജോൺ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി കെ. പത്മകുമാർ, ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ്, റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ, പൊലീസ് സീനിയർ ഓഫിസേഴ്‌സ് അസോ. ജനറൽ സെക്രട്ടറി വി.സുഗതൻ, കേരള പൊലീസ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ഭാരവാഹികളായ സി.ആർ. ബിജു, കെ.എസ്. ഔസേഫ്, ടി.എസ്. അനിൽകുമാർ,പി.പി. മഹേഷ്, ബെന്നി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.