ഇമ്രാന്​ ലഭിച്ച 16.6 കോടി എന്തുചെയ്യും?; കമ്മറ്റിയുടെ മുന്നിൽ മൂന്ന്​ മാർഗങ്ങൾ, സംഭാവന നൽകിയവരോട്​ കൂടി അഭിപ്രായം തേടും

മങ്കട (മലപ്പുറം): സന്മനസ്സുകൾ കരുണക്കടൽ ചൊരിഞ്ഞിട്ടും കാത്തുനിൽക്കാതെ നൊമ്പരമായി വിടപറഞ്ഞ പിഞ്ചുമോൻ ഇമ്രാന്​ ലഭിച്ച 16.6 കോടി രൂപ എന്തുചെയ്യും എന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. മൂന്ന്​ മാർഗങ്ങളാണ്​ കമ്മറ്റി നിലവിൽ ആലോചിക്കുന്നത്​. ഇതേക്കുറിച്ച്​ സംഭാവന നൽകിയവരോട്​ കൂടി അഭിപ്രായം ആരായാനാണ്​ ചികിത്സാ സഹായ കമ്മറ്റിയുടെ തീരുമാനം.

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ഇമ്രാന്‍റെ ചികിത്സക്ക് 75000 ത്തോളം വ്യക്തികൾ 16. 6 കോടി രൂപയാണ് ആകെ സംഭാവനയായി നൽകിയത്. കുഞ്ഞ്​ മരണപ്പെട്ട സാഹചര്യത്തിലാണ്​ തുക എങ്ങനെ ചെലവഴിക്കണം എന്ന കാര്യത്തിൽ ചർച്ച നടക്കുന്നത്​. ദൃശ്യ, ശ്രാവ്യ, അച്ചടി, മാധ്യമങ്ങൾ വഴിയാണ് ഫണ്ട് സമാഹരണം നടന്നത് എന്നതിനാൽ ഇതേ മാധ്യമങ്ങൾ വഴി അഭിപ്രായം ആരായാനാണ് തീരുമാനം. ഇതുസംബന്ധിച്ച്​ ചെയർമാൻ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മൂന്ന്​ തരത്തിൽ ഫണ്ട്​ ചിലവഴിക്കാം എന്നാണ്​ അഭിപ്രായപ്പെട്ടത്​.

ഒന്ന്: സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച മറ്റു കുട്ടികൾക്ക് ചികിത്സയ്ക്കുവേണ്ടി കൈമാറുക. കേരളത്തിൽ ഇത്തരം 102 കുട്ടികൾ ഉണ്ടെന്നാണ് സർക്കാർ കോടതിയിൽ കൊടുത്ത സത്യവാങ്​മൂലത്തിൽ പറയുന്നത്. അവർക്കെല്ലാം കൂടി ഇത് ഓഹരി വെച്ചാൽ ആർക്കും പ്രയോജനപ്പെടില്ല എന്ന വസ്തുത കൂടി കമ്മറ്റി പരിഗണിച്ചു.

രണ്ട്: എസ്.എം.എ അടക്കമുള്ള ജനിതക രോഗങ്ങൾ കണ്ടെത്താനും മുൻകൂട്ടി ചികിത്സ നൽകുവാനും ഇമ്രാന്‍റെ നാമധേയത്തിൽ ഒരു സ്ഥാപനം സർക്കാർ ആശുപത്രികളോട് അനുബന്ധമായി സ്ഥാപിക്കുക. ഇതിന് സർക്കാർ കൂടി സഹായിക്കണം. തുടർപ്രവർത്തനം, ആവർത്തന ചെലവുകൾ എന്നിവ സർക്കാർ വഹിക്കണം. ഈ കാര്യം സർക്കാറിനെയും കോടതിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനും തീരുമാനിച്ചു.

മൂന്ന്: പെരിന്തൽമണ്ണയിലും പരിസരപ്രദേശങ്ങളിലുമുള്ള സർക്കാർ ആശുപത്രികളിൽ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള വാർഡുകൾ ഇമ്രാന്‍റെ സ്മാരകമായി നിർമ്മിച്ച് നൽകുക.

ഈ മൂന്നു കാര്യങ്ങളിൽ സംഭാവന നൽകിയവരുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാം എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. യോഗത്തിൽ കൺവീനർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. സഈദ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാൻ, ട്രഷറർ ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷബീർ കറുമുക്കിൽ, ഉമ്മർ അറക്കൽ, പി. രാധാകൃഷ്ണൻ മാസ്റ്റർ, കെ.ടി. നാരായണൻ, കെ.എസ്. ഹനീഷ്, കളത്തിൽ ഹാരിസ്, എ. ഹരി, കെ. മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - There are three ways to spent Rs 16.6 crore received for Imran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.