നാടകപ്രവർത്തകൻ വിക്രമൻ നായർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടകപ്രവർത്തകനും സീരിയൽ നടനുമായ വിക്രമൻനായർ (78) അന്തരിച്ചു. കോഴിക്കോട് സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനും നടനും സംവിധായകനുമായി നാടകവേദിക്ക് ഉജ്ജ്വലസംഭാവനകൾ നൽകിയ കലാകാരനാണ്. പ്രഫഷനൽ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകനാണ്. കോഴിക്കോട് കുണ്ടുപറമ്പിലെ വസതിയിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അന്ത്യം. സീരിയൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് മരണം.

സംഗീത നാടക അക്കാദമി ജേതാവാണ്. കെ.ടി. മുഹമ്മദിനൊപ്പം ദീർഘകാലം നാടകരംഗത്ത് പ്രവർത്തിച്ചു. 16ാം വയസ്സ് മുതൽ കോഴിക്കോട്ടെ കലാസമിതി പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് നാടകരംഗത്തെത്തിയത്. കെ.ടി. മുഹമ്മദിന്റെ സാക്ഷാത്കാരം എന്ന നാടകത്തിൽ 144 വയസ്സുള്ള വൃദ്ധനെ അവതരിപ്പിച്ചതായിരുന്നു ശ്രദ്ധേയമായ കഥാപാത്രം. ശബ്ദഗാംഭീര്യംകൊണ്ട് അരങ്ങിൽ എന്നും ശ്രദ്ധിക്കപ്പെട്ടു. പ്രഫഷനൽ നാടകസംഘത്തിന്റെ ശിൽപികളിലൊരാളാണ്. സ്റ്റേജ് ഇന്ത്യയുടെ നാടകങ്ങൾ കേരളത്തിലുടനീളം കളിച്ചിരുന്നു. നിരവധി നാടക, സിനിമകലാകാരൻമാരെ വാർത്തെടുത്തിട്ടുണ്ട്.

മണ്ണാർകാട് പൊറ്റശ്ശേരിയിൽ വെള്ളാറാംപടി ജാനകിയുടെയും വേലായുധൻ നായരുടെയും മകനാണ്. 1960ലാണ് കുടുംബസമ്മേതം കോഴിക്കോട്ടെത്തിയത്. കെ.ടി. മുഹമ്മദിന്റെയും തിക്കോടിയന്റെയും കൂടെ നാടകങ്ങളിൽ സജീവമായി. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. ‘ആന്റൺ ചെക്കോവിന്റെ കരടി’, ‘പ്രപ്പോസൽ' തുടങ്ങിയ നാടകങ്ങൾ എം.ടി. വാസുദേവൻ നായർ സംവിധാനംചെയ്തപ്പോൾ അവയിൽ അഭിനയിച്ചു. എം.ടിയുടെ ‘ഗോപുരനട’ യിലെ പ്രധാന കഥാപാത്രമായ നരനെയും വിക്രമൻ നായർ അനശ്വരമാക്കി.

ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദുർഗ സുജിത്ത് (ഷാർജ), സരസ്വതി ശ്രീനാഥ്. മരുമക്കൾ: കെ.പി. സുജിത്ത് (അബൂദബി), കെ.എസ്. ശ്രീനാഥ് (ഖത്തർ). സഹോദരങ്ങൾ: തങ്കമണി, സാവിത്രി, സുകുമാരി. മൃതദേഹം മേയ്‌ത്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചൊവ്വാഴ്ച പകൽ മൂന്നിന് വീട്ടിലെത്തിക്കും. ബുധനാഴ്ചയാണ് സംസ്കാരം.

Tags:    
News Summary - theatre artist vikraman nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.