കയ്യാങ്കളി, പ്രതിഷേധം; യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല സമ്മേളനം പാതിവഴിയിൽ നിർത്തി
കോട്ടയം: ഇരുവിഭാഗങ്ങൾ തമ്മിലുള്ള പരസ്യമായ കൈയാങ്കളിക്കൊടുവിൽ യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം പാതിവഴിയിൽ നിർത്തിവെച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ സമ്മേളനത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ ഉയർത്തിയ പ്രതിഷേധമാണ് തമ്മിലടിയിൽ കലാശിച്ചത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് തീരുമാനിച്ചിരുന്നത്. ശനിയാഴ്ച റാലിക്കുശേഷം ചേർന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിന്നാലെ നാട്ടകം സുരേഷ് സമ്മേളനവേദിയിലെത്തി. ഇതോടെ ഒരുവിഭാഗം നാട്ടകം സുരേഷിന് ജയ് വിളിക്കുകയും വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഞായറാഴ്ചത്തെ സമ്മേളനത്തിലേക്കാണ് ഡി.സി.സി പ്രസിഡന്റിനെ ക്ഷണിച്ചിരുന്നതെന്നും ശനിയാഴ്ച വരേണ്ടതില്ലെന്നും മറുവിഭാഗം നിലപാടെടുത്തു. തുടർന്നാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്. ഇതോടെ സമ്മേളനം നിർത്തിവെച്ചു.
ഇരുവിഭാഗവും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടങ്ങാനിരുന്നതിനിടയിലാണ് നിർത്തിവെക്കാൻ നിർദേശമെത്തിയത്. ശശി തരൂർ എം.പിയെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ മഹാസമ്മേളനം നടത്തിയതോടെ ആരംഭിച്ച ഗ്രൂപ്പുവഴക്കിന്റെ ബാക്കിയാണ് ജില്ല സമ്മേളനത്തിൽ നടന്നത്. സമ്മേളനം നിർത്തിവെച്ചതോടെ വരുംദിവസങ്ങളിലും വിഷയം ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.