ജീവൻരക്ഷ മരുന്ന്​ അമിത വില; കേന്ദ്രത്തിന് ഇടപെടാമെന്ന് ഹൈകോടതി

കൊച്ചി: ജീവൻരക്ഷ മരുന്നുകളുടെ അമിത വില തടയാൻ കേന്ദ്ര സർക്കാറിന് ഇടപെടാൻ അധികാരം നൽകുന്ന വ്യവസ്ഥ പേറ്റന്‍റ് നിയമത്തിലുണ്ടെന്ന് ഹൈകോടതി. പേറ്റന്റിന്റെ പേരിൽ മരുന്നു കമ്പനികൾക്ക് അമിത വില ഈടാക്കാൻ അനുമതിയില്ല. പേറ്റന്‍റ് നിയമത്തിലെ 100ാം വകുപ്പ് പ്രകാരം ഇത്തരം മരുന്നുകൾ സർക്കാറിന് നേരിട്ടോ മറ്റ് ഏജൻസികൾ മുഖേനയോ നിർമിച്ച് ലാഭേഛയില്ലാതെ രോഗികൾക്ക് ലഭ്യമാക്കാനാവുമെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി.

പേറ്റന്‍റും കണ്ടുപിടുത്തവും ഇത്തരം സാഹചര്യങ്ങളിൽ സർക്കാറിന് ഏറ്റെടുത്തു നടപ്പാക്കാം. ജീവൻ രക്ഷ മരുന്നുകളുടെ അമിത വില ശ്രദ്ധയിൽപ്പെട്ടാൽ ഇത്തരം നടപടികൾ സ്വീകരിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. സ്തനാർബുദ ചികിത്സയ്ക്കുള്ള ‘റിബോസിക്ലിബ്’ മരുന്നിന്‍റെ അമിതവില ചോദ്യം ചെയ്ത് രോഗ ബാധിതയായിരുന്ന വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥ നൽകിയ ഹരജിയിലെ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് നിലനിൽക്കെ ഹരജിക്കാരി മരണപ്പെട്ടെങ്കിലും വിഷയം പൊതുതാൽപര്യമുള്ളതായതിനാൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് സ്വമേധയാ നടപടികൾ തുടരുകയായിരുന്നു.

ഭരണഘടനയുടെ 21, 47 അനുച്ഛേദങ്ങൾ പ്രകാരം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ചികിത്സ ഉറപ്പാക്കാനും സർക്കാറിന് ബാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആർക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്ന് കോടതി വ്യക്തമാക്കി. അമിതവില മൂലം അവശ്യ മരുന്നുകൾ ലഭിക്കാത്തവരുടെ കണക്ക് ആശുപത്രികളിൽ നിന്ന് സർക്കാർ ശേഖരിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ പേറ്റന്‍റ് നിയമത്തിലെ പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

സ്തനാർബുദ ചികിത്സയിൽ താരതമ്യേന വിലകുറഞ്ഞ 'പാൽബോസിക്ലിബ്" മരുന്ന് റിബോസിക്ലിബിന് പകരമായി ഉപയോഗിക്കാമെന്ന വാദം രണ്ടും വ്യത്യസ്ത ഘട്ടങ്ങളിലെ ചികിൽസക്ക് ഉപയോഗിക്കുന്നതാണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ച് കോടതി തള്ളി. ചികിൽസക്കായി കാൻസർ രോഗികളും കുടൂംബാംഗങ്ങളും ജീവിത കാലം മുഴുവൻ കണക്കെണിയിലാകുന്നത് സംബന്ധിച്ച ‘സുകൃതം’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന ആത്മഗതം വിധിയുടെ ഭാഗമായി കോടതി ഉദ്ധരിച്ചിട്ടുണ്ട്. 

Tags:    
News Summary - Kerala High Court Rules Union Government Has Power to Override Patents for Overpriced Medicines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.