നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടമായ ഒരു തരംഗം സംസ്ഥാനത്ത് ഒരിടത്തും അനുഭവപ്പെട്ടതായി പറയാൻ കഴിയില്ല. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2025ൽ നടന്ന തെരഞ്ഞെടുപ്പിന്റെയും ഫലങ്ങളുടെ സ്വാഭാവിക തുടർച്ച എന്ന് പറയാവുന്ന ഭരണ വിരുദ്ധ തരംഗവും ഇല്ല. നമ്മുടെ രാജ്യത്ത് കുറച്ചു വർഷങ്ങളായി ഭരണ വിരുദ്ധ തരംഗം എന്ന പ്രവണതയിൽ മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് നാളിതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്ത് സി.എസ്.ഡി.എസിലെ പ്രഫ. സഞ്ജയ് കുമാറിനെപ്പോലുള്ളവർ സമർഥിക്കുന്നത്. പണ്ട് ഇന്ത്യയിൽ ഭരിക്കുന്ന പാർട്ടി തോൽക്കുന്നതായിരുന്നു പതിവെങ്കിൽ, 2000ത്തിന് ശേഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സർക്കാറുകൾ കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിൽ വരുന്നത് വർധിച്ചു.
ക്ഷേമപദ്ധതികൾ, വികസന പ്രവർത്തനങ്ങൾ, ഉയർത്തിക്കാട്ടുന്ന ഉറച്ച നേതൃത്വം എന്നിവയാണ് ഭരണാനുകൂല അവസ്ഥക്ക് പ്രധാന കാരണങ്ങളായി എ ണ്ണുന്നത്. ഈ ഘടകങ്ങൾ മുൻനിർത്തിയായിരുന്നു ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് എന്നോർക്കുക. അഭൂതപൂർവമായ പോളിങ് ആണ് തരംഗങ്ങളുടെ ഒരു അളവുകോൽ. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിന് ചേരുംവിധത്തിലെ ഭേദപ്പെട്ട പോളിങ് ശതമാനത്തിന് ഉപരിയായൊരു വോട്ടിങ് ഇക്കുറി ഉണ്ടായിട്ടില്ല. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ബഹുവിധ കാരണങ്ങളാൽ -പ്രത്യേകിച്ച് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ കാരണം മുസ്ലിം വോട്ടർമാർ കൂട്ടമായി ബൂത്തിലെത്തിയിരുന്നു; വിശിഷ്യ മലബാറിൽ. എന്നാൽ, ഈ വോട്ടുകൾ പൂർണമായും നിലവിലെ സംസ്ഥാന സർക്കാറിനെതിരായിരുന്നിരിക്കും എന്ന് വിലയിരുത്താൻ തക്ക കാരണങ്ങൾ നമുക്ക് മുന്നിലില്ല. പ്രബലമായ സമുദായ സംഘടനകൾ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിൽ പോലും മുസ്ലിം വോട്ടുകളിൽ ഒരു ഭാഗം തീർച്ചയായും ഇടത് മുന്നണിക്കും ലഭിച്ചിട്ടുണ്ട്.
സമാനമാണ് ക്രൈസ്തവ വോട്ടുകളുടെ കാര്യവും. മത മേലധ്യക്ഷന്മാർ സമീപ ദിവസങ്ങളിലെ പ്രസ്താവനകളിൽ രാഷ്ട്രീയ ചായ്വ് വെളിപ്പെടുത്തുന്നുവെങ്കിലും സമുദായത്തിന്റെ വോട്ട് ഒരു മുന്നണിക്ക് മാത്രം അനുകൂലമായി വീണു എന്ന് വിലയിരുത്താൻ കഴിയില്ല. മുസ്ലിം വോട്ടുകൾ പോലെ ഏകീകൃത രീതിയും ഉണ്ടാവാറില്ല.
പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായ കാലത്ത് കുട്ടികൾ ആയിരുന്നവരാണ് ഇത്തവണത്തെ കന്നിവോട്ടർമാർ. പുതിയ വോട്ടർമാർ ആരെ തുണക്കും എന്ന് വിലയിരുത്തുന്നത് പ്രസക്തമാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി കേരളത്തിൽ കുടുംബത്തിലെ മുതിർന്നവരുടെ രാഷ്ട്രീയ അഭിപ്രായത്തിന് ഒപ്പം നിൽക്കുന്ന രീതിയാണ് അവരും സ്വീകരിച്ചിട്ടുണ്ടാവുക.
യഥാർഥത്തിൽ ജനവിധി തീരുമാനിക്കുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനതയാണ്. മധ്യവർഗത്തിന്റെ ആകുലതകളോ മുൻഗണനകളോ ആയിരിക്കില്ല അവരുടേത്. അരിയും മരുന്നും ഉൾപ്പെടെയുള്ള ജീവൽ പ്രശ്നങ്ങളാണ് അവരുടെ വോട്ടിങ് തീരുമാനത്തെ സ്വാധീനിക്കുക. അവരുടെ മനസ്സ് ഒപ്പിയെടുക്കാനുള്ള ശേഷി മാധ്യമ കാമറകൾക്കില്ല; ആ മനസ്സുകളെ വിശകലനം ചെയ്യാനുള്ള വൈദഗ്ധ്യം വിശകലന വിശാരദർക്കുമില്ല. ആ മനുഷ്യരുടെ തീർപ്പാണ് നിർണായകമാവുക. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണ് സകല കണക്കുകൂട്ടലുകളെയും തെറ്റിച്ച് ഉയർന്ന ഭൂരിപക്ഷത്തോടെ കേരളത്തിൽ ഭരണം പിടിച്ചത്. പുറമെ പ്രകടമല്ലാത്ത നിശ്ശബ്ദമായ ഒരു തരംഗം അന്ന് രൂപപ്പെട്ടിരുന്നു. അവ്വിധം തരംഗങ്ങൾ ഒന്നും ഇല്ല എങ്കിൽ വാശിയേറിയ മത്സരത്തിനൊടുവിൽ 80-85 സീറ്റുകളാവും ജയിക്കുന്ന മുന്നണി നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.