ന്യൂഡൽഹി: കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയ നിർമാണം ഊരാളുങ്കൽ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റിക്ക് നൽകാനുള്ള ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉയർന്ന തുക ക്വട്ടേഷൻ നൽകിയ ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമാണ കരാർ എങ്ങനെ നൽകാൻ കഴിയുമെന്ന് ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, സഞ്ജയ് കുമാർ, എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ സംസ്ഥാന സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
കോടതി സമുച്ചയ നിർമാണത്തിന് ഏറ്റവും കുറവ് തുകയുടെ ക്വട്ടേഷൻ നൽകിയത് എ.എം മുഹമ്മദ് അലിയുടെ നിർമാൺ കൺസ്ട്രക്ഷൻസ് കമ്പനിയായിരുന്നു. നിർമാൺ കൺസ്ട്രക്ഷൻസിനെക്കാൾ 7.10 ശതമാനം കൂടുതൽ തുക ക്വട്ടേഷൻ നൽകിയ ഊരാളുങ്കൽ ലേബർ കോഓപറേറ്റിവ് സൊസൈറ്റിക്ക് കരാർ നൽകാനാണ് കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഹൈകോടതിയുടെ ഉത്തരവിനെതിരെയാണ് നിർമാൺ കൺസ്ട്രക്ഷൻസ് സുപ്രീംകോടതിയെ സമീപിച്ചത്.
കുറഞ്ഞ തുക ക്വട്ടേഷൻ നൽകുന്നവർക്ക് സർക്കാറിന്‍റെ നിർമാണ കരാർ നൽകില്ലെന്ന ഉത്തരവ് സ്വകാര്യ കോൺട്രാക്ടർമാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. നിർമാണ കരാർ നിർമാൺ കൺസ്ട്രക്ഷൻസിന് നൽകിയത് ഹൈകോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിട്ടുണ്ട്. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയതെന്നും അഭിഭാഷകരായ ദുഷ്യന്ത് ദുവേയും ഹാരിസ് ബീരാനും കോടതിയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ നിർമാണ പ്രവർത്തനങ്ങളിൽ ഏറ്റവും കുറവ് തുക ക്വട്ടേഷൻ നൽകുന്ന സ്വകാര്യ കോൺട്രാക്ടർമാരുടെ ക്വട്ടേഷനെക്കാൾ 10 ശതമാനം തുകക്ക് സഹകരണ സൊസൈറ്റി നിർമാണ കരാർ ഏറ്റെടുക്കുമെങ്കിൽ അവർക്ക് ക്വട്ടേഷൻ നൽകാമെന്ന ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി. 1997ലാണ് ഇത്തരത്തിലുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.