എസ്.ഐ. ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി. കെ 'പുസ്തകപ്പച്ച ' പഠനോപകരണ വിതരണ സംസ്ഥാനതല പരിപാടിയില്‍ സംസാരിക്കുന്നു

വിദ്യാഭ്യാസ വിവേചനം തുടരുന്നത് മലബാറിനോടുള്ള വംശീയ മനോഭാവമെന്ന് എസ്.ഐ.ഒ

കോഴിക്കോട്: പതിറ്റാണ്ടുകളായി മലബാർ മേഖല അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനം മലബാറിനോടുള്ള വംശീയ മനോഭാവത്തിൽ നിന്നും രൂപപ്പെടുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. എസ്.ഐ.ഒവിന്റെ 'പുസ്തകപ്പച്ച' പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യകേരളം രൂപപ്പെട്ടതു മുതൽ മലബാറിനോട് ഈ അനീതി തുടരുന്നുണ്ടെന്നും മാറി വന്ന ഭരണകൂടങ്ങൾ ഈ കൊടും അനീതിയെ അഭിമുഖീകരിക്കാൻ തയാറാവാതിരിക്കുന്നതും മലബാറിനോടുള്ള വംശീയബോധം കാരണമാണെന്നും മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപ്പെട്ടു.

നിലവിൽ മലബാറിൽ ഉപരിപഠനത്തിന് അർഹത നേടിയ 56,052 വിദ്യാർഥികൾക്ക് പൊതുമേഖലയിൽ ഉപരിപഠനം സാധ്യമല്ലെന്ന കണക്കുകൾ എസ്.ഐ.ഒ അടക്കമുള്ള വിദ്യാർഥി സംഘടനകളും സാമൂഹിക സന്നദ്ധ സംഘടനകളും തെളിവുകൾ സഹിതം പുറത്ത് വിട്ടിട്ടും വിദ്യാഭ്യാസ മന്ത്രിയും ഇടത് സംഘടനകളും കള്ള കണക്കുകൾ പ്രചരിപ്പിക്കുന്നതും ഈ കൊടും അനീതി പുറത്ത്കൊണ്ടുവരുന്ന വി. കാർത്തികേയൻ റിപ്പോർട്ട് മൂടിവെക്കുന്നതും അംഗീകരിക്കാനാവില്ല.

കണക്കുകൾ നിരത്തി മലബാറിലെ വിദ്യാർത്ഥികളുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നവരെ മന്ത്രി 'നിക്ഷിപ്ത താൽപര്യക്കാരാ'ക്കുന്നത് ഈ വംശീയ മനോഭാവം പേറുന്നതിനാലാണ്. അതുകൊണ്ട് ഈ കൊടും അനീതിക്കും അതിന്റെ മൂലകാരണമായ വംശീയ ബോധത്തിനും എതിരായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർഥി സമൂഹം ഇനിയും ഈ അനീതി സഹിക്കുമെന്ന് അധികാരികൾ കരുതേണ്ടതില്ല എന്നും മുഹമ്മദ് സഈദ് ടി.കെ കൂട്ടിച്ചേർത്തു.

Tags:    
News Summary - The SIO said that the discrimination in education continues to be a racist attitude towards Malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.