പത്തനംതിട്ട: ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തുവെന്ന് ആരോപണം. 2019ല്‍ നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല തിരികെ കൊണ്ടുവന്നതെന്ന് തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കര്‍ ആരോപിച്ചു.
ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് ചെങ്ങന്നൂർ തട്ടാവിള കുടുംബാംഗമായ മഹേഷ് ആണ്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളിൽ തൂക്കത്തില്‍ കുറവുണ്ടായി. അളവില്‍ വ്യത്യാസം വന്നു. ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
1999ൽ വിജയ് മല്യ സ്വർണം പൂശി നൽകിയ സ്വർണ പാളികളല്ല ഇപ്പോഴത്തേത്. ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ച രീതിയിലാണ് വിജയ് മല്യ സ്പോണ്സര് ചെയ്തത്. അതിന്റെ മോള്‍ഡ് എടുത്ത് മറ്റൊന്ന് ഉണ്ടാക്കിയിരിക്കുകയാണ്.
തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നതാണ്. ഈ പാളികള്‍ കൈവശം വെച്ചാല്‍ വലിയ ഐശ്വര്യം വരുമെന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം. ഇവിടെ നടന്നിരിക്കുന്നത് വിശ്വാസ കച്ചവടമാണ്. ഇത്തവണയും ചെന്നൈയിലേക്ക് കൊണ്ടുപോയത് ഇത്തരം ലക്ഷ്യങ്ങളോടെയായിരിക്കും. ഇതിൽ തൊടുന്നത് പോലും വലിയ കാര്യമാണെന്ന് കരുതുന്ന ഭക്തരുണ്ട്. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.