മാള: കുഴൂർ ഐരാണിക്കുളം മഹാദേവക്ഷേത്രം പുനരുദ്ധാരണം അവസാന ഘട്ടത്തിൽ. പൗരാണികമായ ക്ഷേത്രത്തിന് മുസിരിസ് പൈതൃക ഫണ്ട് അനുവദിച്ചിട്ടുണ്ട്. മൂന്നര കോടിയോളം രൂപ ചെലവിൽ ആണ് പുനരുദ്ധാരണം നടത്തുന്നത്. ഇരുനില വട്ട ശ്രീകോവിലുള്ള തെക്കേടത്ത് അമ്പലത്തിൽ ശിവൻ, വടക്കേടത്ത് അമ്പലത്തിൽ ശിവ-പാർവതി സുബ്രഹ്മണ്യ വിഗ്രഹങ്ങൾ ഒരുമിച്ച് ഒരു പീഠത്തിലുള്ള പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. സിമൻറ് ഉപയോഗിക്കാതെയാണ് നിർമാണം. ആഞ്ഞിലിയിൽ തീർത്ത മരപ്പണികളിലെല്ലാം സവിശേഷമായ അഷ്ടക്കൂട്ട് അടിച്ചിട്ടുണ്ട്. ആറ്റുമണലും ഖനനം ചെയ്തെടുത്ത കുമ്മായം, കടുക്ക, ശർക്കര എന്നിവ പ്രത്യേക അനുപാതത്തിൽ ഗ്രൈൻഡറിൽ അരച്ചെടുത്തതാണ് ചുമരുകൾ തേച്ചിരിക്കുന്നത്. രണ്ട് പുരാണ ശിലാ ലിഖിതങ്ങളും നന്ദിയുടെ പ്രതിമയും സ്ഥാപിക്കുന്നതിന് നമസ്കാരം മണ്ഡപം പുതിയതായി നിർമിച്ചു. തിരുവാതിര മണ്ഡപം തീർത്ത് നാലു വശങ്ങളിലും സോപാന പടികൾ നിർമിച്ചത് ആകർഷകമാണ്. ഗണപതി ക്ഷേത്രം, തെക്കേടത്ത് ക്ഷേത്രം, വട്ട ശ്രീകോവിലിന്റെ മുകൾതട്ട് എന്നിവ ആഞ്ഞിലിത്തടിയിൽ പുനർനിർമിച്ചു ബലപ്പെടുത്തിയിട്ടുമുണ്ട്. ചെമ്പ് ഷീറ്റുകൾ മുറിച്ച് മടക്കി തകിടുകളാക്കി വട്ട ശ്രീകോവിലിന്റെ രണ്ട് തട്ടിലും വിരിച്ചതും പ്രത്യേകതയാണ്. ചെമ്പു തകിടുകളിൽ മെറ്റാലിക് കോപ്പർ അടിച്ചിട്ടുണ്ടെന്ന് ശിൽപികൾ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ സ്വർണം പൂശിയ താഴികക്കുടം ക്ഷേത്രത്തിൽ മാസങ്ങൾ മുമ്പേ സ്ഥാപിച്ചിരുന്നു. പാരമ്പര്യ തനിമ കൈമോശം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളായ മോഹൻദാസ്, പത്മകുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.